
തിരുവനന്തപുരം: പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആര്‍സനലിന്‍റെ പുതിയ താരം വിക്ടര്‍ ഗ്യോകോറസിനെ സ്വാഗതം ചെയ്ത് ആര്‍സനലിന്‍റെ കേരളത്തിലെ ആരാധക സംഘം. ഗോളടിച്ചശേഷം ബാറ്റ്മാനിലെ വില്ലനായ ബെയ്നിനെ അനുകരിച്ച് ഗ്യോകോറസ് പുറത്തെടുത്താറുള്ള കൈ കൊണ്ട് വായ മറച്ചുള്ള പ്രത്യേക ആക്ഷനോടെയാണ് കേരളത്തിലെ ആര്‍സനല്‍ ആരാധകപ്പട സൂപ്പര്‍ താരത്തെ സ്വാഗതം ചെയ്തത്.
ഡാര്‍ക് നൈറ്റ് റൈസസ് പോലെയുള്ള വിഖ്യാത ബാറ്റ്മാന്‍ സിനിമകളില്‍ മാസ്ക് കൊണ്ട് മുഖം മറച്ചെത്തുന്ന ബെയ്ന്‍ എങ്ങനെയാണ് കരുത്തുകാട്ടുന്നത് എന്നതുപോലെയാണ് ഗ്യോകോറസിന്‍റെ മൈതാനത്തെ ആഘോഷവും. ഇത് ആരാധകരും അനുകരിക്കാറുണ്ട്. സ്പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്നാണ് ആര്‍സനല്‍ സ്വീഡിഷ് താരം വിക്ടര്‍ ഗ്യോകോറസിനെ ടീമിലെത്തിച്ചത്.
കഴിഞ്ഞ യുവേഫ നേഷന്‍സ് ലീഗില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലും പിന്നിലാക്കി ഗോള്‍വേട്ടയില്‍ മുന്നിലെത്തിയത് ഗ്യോകോറസ് ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ആറ് കളികളില്‍ ഒമ്പത് ഗോളുകളാണ് ഗ്യോകോറസ് നേടിയത്. കളിച്ച ആറില്‍ അഞ്ചിലും ഗോളടിക്കുകയും ചെയ്തു.
ചാമ്പ്യൻസ് ലീഗ് പോരാട്ടത്തില്‍ മികവ് കാട്ടിയതോടെയാണ് ഗ്യോകോറസിനെ ആരാധകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സ്വീഡനില്‍ നിന്ന് സ്ലാട്ടന്‍ ഇബ്രഹ്മോവിച്ചിന്‍റെ പിന്‍ഗാമിയാവാന്‍ എത്തുന്ന ഗ്യോകോറസ് ആര്‍സനലില്‍ പതിനാലാം നമ്പര്‍ കുപ്പായത്തിലാണ് ഇറങ്ങുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക