തോല്‍വി തുടര്‍ക്കഥ; പരിശീലകനെ പുറത്താക്കി ആഴ്സണല്‍

By Web TeamFirst Published Nov 29, 2019, 7:45 PM IST
Highlights

പ്രീമയര്‍ ലീഗിലും വിജയങ്ങളില്ലാതായ ആഴ്സണല്‍ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ആഴ്സണലിന് ജയിക്കാനായിട്ടില്ല

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി തുടര്‍ക്കഥയായതോടെ പരിശീലകന്‍ ഉനായ് എമ്‌റിയെ പുറത്താക്കി ആഴ്സണല്‍ ഫുട്ബോള്‍ ക്ലബ്ബ്. വ്യാഴാഴ്ച യൂറോപ്പ ലീഗ് പോരാട്ടത്തില്‍ എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ ആഴ്സണല്‍ 2-1ന് തോറ്റതിന് പിന്നാലെയാണ് ഉനായിയെ ക്ലബ്ബ് പുറത്താക്കിയത്.

പ്രീമയര്‍ ലീഗിലും വിജയങ്ങളില്ലാതായ ആഴ്സണല്‍ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ആഴ്സണലിന് ജയിക്കാനായിട്ടില്ല. ഉനായ്ക്ക് പകരം ഫ്രഡ്ഡി ലുംഗ്ബര്‍ഗിനെ ആഴ്സണല്‍ താല്‍ക്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നോര്‍വിച്ച് സിറ്റിയെ നേരിടാനിറങ്ങുകയാണ് ആഴ്സണല്‍.

മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം പരിശീലകനായ പോച്ചെറ്റിനോയെയും വാറ്റ്ഫോര്‍ഡ് ജാവി ഗാര്‍ഷ്യയെയും പുറത്താക്കിയതിന് പിന്നാലെയാണ് ആഴ്സണലും പരിശീലകനെ പുറത്താക്കിയത്. 22 വര്‍ഷം പരിശീലകസ്ഥാനത്തിരുന്ന് ആഴ്സന്‍ വെംഗര്‍ക്ക് പകരക്കാരനായാണ് ഉനായ് പരിശീലകനായത്. പിഎസ്‌ജിയുടെ പരിശീലകസ്ഥാനത്തുനിന്നാണ് ഉനായ് ആഴ്സണലിലെത്തിയത്.

click me!