
ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നെങ്കിൽ ആഴ്സനലിന് പ്രീമിയർ ലീഗിൽ കിരീടം നേടാനാകുമായിരുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗൻ. വലിയ കിരീടങ്ങൾ എങ്ങനെ നേടണമെന്നറിയാവുന്ന താരമാണ് റൊണാൾഡോയെന്നും മോർഗൻ പറഞ്ഞു. നിലവിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ആഴ്സനല്‍. 2004ന് ശേഷം വീണ്ടും പ്രീമിയർ ലീഗ് ഉയര്‍ത്താമെന്ന മോഹവുമായാണ് ആഴ്സനൽ ഇത്തവണ തുടക്കത്തിൽ വൻകുതിപ്പ് നടത്തിയത്.
ഒരു ഘട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 12 പോയിന്‍റ് ലീഡിലേക്കെത്താൻ വരെ ഗണ്ണേഴ്സിന് സാധിച്ചു. എന്നാൽ സീസണിന്‍റെ രണ്ടാം പാദത്തിൽ നിരാശപ്പെടുത്തിയ ആഴ്സനൽ നിലവിൽ സിറ്റിയേക്കാള്‍ നാല് പോയിന്‍റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഒരു മത്സരം കുറച്ചു കളിച്ച ആനുകൂല്യവും മാഞ്ചസ്റ്റർ സിറ്റിക്കുള്ളതിനാൽ ആഴ്സനലിന്റെ കിരീടപ്രതീക്ഷ ഏറെക്കുറെ അവസാനിച്ച അവസ്ഥയിലാണ്.
ഈ സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെടുത്തിരുന്നെങ്കിൽ ആഴ്സനൽ കിരീടം നേടുമായിരുന്നുവെന്ന അവകാശവാദവുമായി മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗൻ രംഗത്തെത്തിയത്. ഒരു ആരാധകന്റെ ട്വിറ്ററിലെ ചോദ്യത്തിന് മറുപടിയായാണ് മോർഗന്‍റെ പരാമർശം. റൊണാൾഡോ വലിയ കിരീടങ്ങൾ നേടാൻ കഴിവുള്ള താരമാണ്. എങ്ങനെ ഗോളടിച്ച് കൂട്ടണമെന്ന് അറിയുന്ന താരം. യുണൈറ്റഡ് വിട്ടപ്പോൾ ആഴ്സനലിലേക്ക് റൊണാൾഡോ എത്തിയിരുന്നെങ്കിൽ ഗണ്ണേഴ്സ് കിരീടത്തിലെത്തുമായിരുന്നെന്നും മോർഗൻ പറയുന്നു.
നേരത്തെ, മോർഗനുമായുള്ള റൊണാൾഡോയുടെ വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ റദ്ദാകാൻ കാരണമായത്. അഭിമുഖത്തിലും യുണൈറ്റഡ് ജയിക്കുന്നില്ലെങ്കിൽ ആഴ്സനൽ കിരീടം നേടട്ടെയെന്ന് റൊണാൾഡോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കരാർ റദ്ദായതിന് പിന്നാലെ റൊണാൾഡോയെ സ്വന്തമാക്കാൻ പല യൂറോപ്യൻ,അമേരിക്കൻ ക്ലബ്ബുകളും താൽപര്യപ്പെട്ടെങ്കിലും സൗദി ടീമായ അൽ നസ്റിലേക്കാണ് റൊണാൾഡോ പോയത്. സൗദിയിലെ ആദ്യ സീസണിൽ ഒരു കിരീടവും നേടാതെ നിരാശയിലാണ് പോർച്ചുഗീസ് സൂപ്പർ താരം.
\
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!