
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ പന്തുതട്ടാന്‍ ഘാന ഇതിഹാസം അസമോവ ഗ്യാന്‍. ഘാനയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ മുന്‍ നായകന്‍ ക്ലബിലെത്തിയതായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ആരാധകരെ അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയ ഗോളടിയന്ത്രം ബെര്‍ത്തലോമിയ ഓഗ്‌ബെച്ചെക്ക് പകരമാണ് ഗ്യാനെ നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ പാളയത്തിലെത്തിച്ചത്.
തുര്‍ക്കി ക്ലബില്‍ കരാര്‍ അവസാനിച്ച താരം ജൂലൈ ഒന്നുമുതല്‍ ഫ്രീ ഏജന്‍റായിരുന്നു. പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി 36 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 11 ഗോള്‍ നേടിയിട്ടുണ്ട്. ലോണില്‍ യുഎഇ ക്ലബ് അല്‍ ഐനില്‍ കളിച്ച പരിചയവും ഗ്യാനിനുണ്ട്. 66 മത്സരങ്ങളില്‍ 60 ഗോളുകളാണ് അവിടെ ഘാന സൂപ്പര്‍ താരം അടിച്ചുകൂട്ടിയത്. ലീഗ് വണ്ണില്‍ റെന്നസിനായും ഒരു വര്‍ഷക്കാലം ചൈനീസ് ലീഗിലും താരം പന്തുതട്ടി.
ഘാനക്കായി 2003ല്‍ 17-ാം വയസിലായിരുന്നു അസമോവ ഗ്യാന്‍റെ അന്താരാഷ്‌ട്ര അരങ്ങേറ്റം. സൊമാലിയക്കെതിരെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ശ്രദ്ധയാകര്‍ഷിച്ചു. 107 മത്സരങ്ങളില്‍ 51 ഗോളുകള്‍ അടിച്ചുകൂട്ടി. 2006 ലോകകപ്പില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ 68-ാം സെക്കന്‍റില്‍ ഗോള്‍ നേടി ഗ്യാന്‍ ചരിത്രമെഴുതി. 2010, 2014 ലോകകപ്പുകളിലും ഗോള്‍ നേടിയ അസമോവ ഗ്യാന്‍ കഴിഞ്ഞ മെയില്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!