ശക്തമായ എതിർപ്പ്; ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ഫിഫ, ഇൻഫാന്‍റിനോയ്ക്ക് വൻ തിരിച്ചടി

Published : Aug 01, 2026, 12:32 PM IST
FIFA President Gianni Infantino

Synopsis

യൂറോപ്യൻ, ഏഷ്യൻ ഫുട്ബോൾ ഭരണസമിതികളുടെ കടുത്ത പ്രതിഷേധം; ടൂർണമെന്റുകൾ ബഹിഷ്കരിക്കുമെന്ന് ഭീഷണി. ഫിഫയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു.

സൂറിച്ച്: ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതിയിൽ നിന്ന് ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ പൂർണമായി പിന്മാറി. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെയും കോണ്‍കാകാഫിന്‍റെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ നിർദ്ദേശം ഉപേക്ഷിച്ചത്. പുരുഷ-വനിതാ ലോകകപ്പുകൾ ഉൾപ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന പുതിയ കമ്പനിയുടെ 20 ശതമാനം ഓഹരികൾ വിറ്റ് 4.2 ബില്യൺ ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) സമാഹരിക്കാനായിരുന്നു ഫിഫ പദ്ധതിയിട്ടിരുന്നത്.

വിവാദ നിര്‍ദേശത്തിന് പിന്നാലെ ഫിഫയ്ക്കുള്ളിലും വൻ അസ്വാരസ്യങ്ങളാണ് ഉടലെടുത്തത്. ഇൻഫാന്‍റിനോയുടെ മുതിർന്ന ഉപദേശകൻ കാർലോസ് കോർഡീറോ പദ്ധതിയെ ഫുട്ബോളിന് ദോഷകരമായ കരാർ എന്ന് വിശേഷിപ്പിച്ച് അടിയന്തരമായി രാജിവെച്ചിരുന്നു. ഇൻഫാന്‍റിനോ ജീവനക്കാരെ വഞ്ചിച്ചെന്നും ഇത് ഒരാളുടെ മാത്രം താൽപര്യപ്രകാരമുള്ള പദ്ധതിയാണെന്നും ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെവിൻ ലാമൂറും കുറ്റപ്പെടുത്തി. ഇൻഫാന്‍റിനോ ഫിഫയെ നയിക്കാൻ യോഗ്യനല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർൺഹാമും പ്രതികരിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകനായ ജാറെഡ് കുഷ്‌നറുടെ സഹോദരൻ ജോഷ്വ കുഷ്‌നറുടെ നേതൃത്വത്തിലുള്ള 'ത്രൈവ് എറ്റേണൽ' എന്ന ഫണ്ടിംഗ് ഏജന്‍സിയായിരുന്നു ഈ നിക്ഷേപത്തിന് മുന്നിൽ നിന്നത് എന്നതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു.

ഫുട്ബോളിന്‍റെ ആത്മാവിനെയാണ് ഫിഫ വിൽക്കാൻ വെച്ചിരിക്കുന്നത് എന്ന് ആരോപിച്ച യുവേഫ, പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഫിഫയുടെ എല്ലാ ടൂർണമെന്‍റുകളും ബഹിഷ്കരിക്കുമെന്ന് വ്യാഴാഴ്ച വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ വടക്കേ അമേരിക്കൻ സംഘടനയായ കോൺകാകാഫും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും യുവേഫയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഫിഫയിലെ 211 അംഗരാജ്യങ്ങളിൽ 143 എണ്ണവും പദ്ധതിക്കെതിരായതോടെ ഇൻഫാന്‍റിനോയ്ക്ക് പിന്മാറാതെ നിവൃത്തിയില്ലാതായി. എല്ലാ കോണുകളിൽ നിന്നുമുള്ള അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട ശേഷം, ഈ പ്രോജക്റ്റ് ഫുട്ബോളിൽ വലിയ ഭിന്നതകൾ ഉണ്ടാക്കിയെന്ന് വ്യക്തമായി. ഫുട്ബോളിനെ ഒന്നിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പിന്‍മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ജിയാനി ഇൻഫാന്‍റിനോ പറഞ്ഞു. അടുത്ത വർഷം ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലെ പ്രസിഡന്‍റ് ഇൻഫാന്‍റിനോയുടെ ഭരണത്തിന് കിട്ടിയ വൻ തിരിച്ചടിയായാണ് കായികലോകം ഈ സംഭവത്തെ കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി
ലോകകപ്പ് ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് ഫിഫ ഉപദേഷ്ടാവ് രാജിവച്ചു