ബാലൺ ഡി ഓര്‍: മെസിയില്ലാതെ പ്രാഥമിക പട്ടിക, റൊണാള്‍ഡോയ്‌ക്ക് ഇടം, ബെന്‍സേമയ്ക്ക് മേൽക്കൈ

By Jomit JoseFirst Published Aug 13, 2022, 8:12 AM IST
Highlights

ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയൽ മാഡ്രിഡിനെ ജേതാക്കളാക്കിയ കരീം ബെന്‍സേമയ്ക്കാണ് മേൽക്കൈ

പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പ്രസിദ്ധീകരിച്ചു. 2005ന് ശേഷം ആദ്യമായി ലിയോണൽ മെസി പ്രാഥമിക പട്ടികയിൽ ഉള്‍പ്പെടാതിരുന്നതാണ് സവിശേഷത. മെസി അടക്കം ഒരു അര്‍ജന്‍റീനന്‍ താരവും പട്ടികയിൽ ഇല്ല. പിഎസ്‌ജിയിൽ നിറം മങ്ങിയതാണ് മെസിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം ലിയോണല്‍ മെസിക്കായിരുന്നു പുരസ്‌കാരം. 

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെന്‍സേമ, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, കിലിയന്‍ എംബാപ്പെ, മോ സലാ, ഏര്‍ലിംഗ് ഹാലന്‍ഡ്, വിനീഷ്യസ് ജൂനിയര്‍, സാഡിയോ മാനേ, കെവിന്‍ ഡി ബ്രുയിന്‍ തുടങ്ങിയ പ്രമുഖര്‍ പട്ടികയിലെത്തി. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും റയൽ മാഡ്രിഡിനെ ജേതാക്കളാക്കിയ കരീം ബെന്‍സേമയ്ക്കാണ് മേൽക്കൈ. ഒക്ടോബര്‍ 17നാണ് പുരസ്‌കാര പ്രഖ്യാപനം. 

മറ്റൊരു പട്ടികയിലും ബെൻസെമ

യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരത്തിന്‍റെ ചുരുക്കപ്പട്ടികയും പ്രഖ്യാപിച്ചു. കരീം ബെൻസെമ, കോര്‍ട്വ, കെവിൻ ഡിബ്രുയിൻ എന്നിവരാണ് അവസാന മൂന്ന് പേര്‍.  ഈ മാസം 25ന് പുരസ്‌കാരം പ്രഖ്യാപിക്കും. മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്കാരത്തിന്‍റെ ചുരുക്കപ്പട്ടികയിൽ റയൽ മാഡ്രിഡിന്‍റെ ആധിപത്യമാണ്. പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗയും സൂപ്പർകപ്പും ഷെൽഫിലെത്തിച്ച റയൽ മാഡ്രിഡിന്‍റെ ഗോളടിയന്ത്രം കരീം ബെൻസെമയാണ് സാധ്യതയിൽ മുന്നിൽ. 324 ഗോളുകളോടെ റൗളിന്‍റെ ഗോൾ റെക്കോർഡ് മറികടന്ന ബെൻസെമ പുതിയ സീസണിലും ഗോൾവേട്ട തുടരുകയാണ്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ ബെൻസെമ നേടിയത് 44 ഗോളുകളാണ്.

റയലിന്‍റെ ഗോൾവല കാക്കുന്ന കോര്‍ട്വയാണ് പട്ടികയിലുള്ള ഒരേയൊരു ഗോൾകീപ്പർ. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മികച്ച താരമായതും ബെൽജിയം ഗോളി തന്നെ. ഒരു മികച്ച സ്ട്രൈക്കറുടെ അഭാവത്തിലും പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയുടെ തുറുപ്പുചീട്ട് കെവിൻ ഡിബ്രുയിനാണ് പട്ടികയിലെ മൂന്നാമൻ. കഴിഞ്ഞ ഏഴ് സീസണുകളിൽ സിറ്റിയുടെ നാലാം ലീഗ് കിരീടമായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ 15 ഗോളുകളും 8 അസിസ്റ്റും സ്വന്തമാക്കിയ ഡിബ്രുയിൻ ടീമിനെ ചാമ്പ്യൻസ് ലീഗിൽ സെമിഫൈനലിലെത്തിക്കുകയും ചെയ്‌തു.

റോബർട്ട് ലെവൻഡോവ്സ്കി, ലൂക്കാ മോഡ്രിച്ച്, സാദിയോ മാനെ എന്നിവരും അവസാനഘട്ടം വരെയുണ്ടായിരുന്നെങ്കിലും ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചില്ല. റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി, സിറ്റി കോച്ച് പെപ് ഗ്വാർഡിയോള, ലിവർപൂളിന്‍റെ യുർഗൻ ക്ലോപ്പ് എന്നിവരാണ് മികച്ച പരിശീലകനുള്ള മത്സരത്തിലുള്ളത്. ഇസ്‌താംബുളിൽ ഈ മാസം 25ന് വിജയികളെ പ്രഖ്യാപിക്കും. ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരത്തിന്‍റെ നറുക്കെടുപ്പും വേദിയിൽ നടക്കും.

ഖത്തർ ലോകകപ്പിന് നൂറ് നാൾ; കിക്കോഫില്‍ മാറ്റം

click me!