ഇനിയാര്? ബാഴ്‌സയില്‍ സെറ്റിയന് പിന്നാലെ അബിദാലും തെറിച്ചു!

By Web TeamFirst Published Aug 18, 2020, 8:30 PM IST
Highlights

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോട് 8-2ന്‍റെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ക്വികെ സെറ്റിയന്‍ പരിശീലക സ്ഥാനത്തുനിന്ന് തെറിച്ചത്

ബാഴ്‌സലോണ: പരിശീലന്‍ ക്വികെ സെറ്റിയനെ പുറത്താക്കിയതിന് പിന്നാലെ സ്‌പോര്‍ടിംഗ് ഡയറക്‌ടര്‍ എറിക് അബിദാലുമായും വഴിപിരിഞ്ഞ് ബാഴ്‌സലോണ. കരാര്‍ അവസാനിപ്പിക്കാന്‍ ബാഴ്‌സയും അബിദാലും ധാരണയിലെത്തുകയായിരുന്നു എന്ന് ക്ലബ് അല്‍പം മുമ്പാണ് അറിയിച്ചത്. ഏറെ വിമര്‍ശനങ്ങള്‍ കേള്‍പ്പിച്ചെങ്കിലും മുന്‍താരം കൂടിയായ അബിദാലിന് നന്ദി പറയാന്‍ മറന്നില്ല സ്‌പാനിഷ് ക്ലബ്. 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോട് 8-2ന്‍റെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ക്വികെ സെറ്റിയന്‍ പരിശീലക സ്ഥാനത്തുനിന്ന് തെറിച്ചത്. നെതര്‍ലന്‍ഡ് പരിശീലകന്‍ റോണാള്‍ഡ് കോള്‍മാനാകും സെറ്റിയന് പകരക്കാരനാവുക. ലൂയിസ് സുവാരസും ജെറാള്‍ഡ് പിക്വയും ബുസ്‌കെറ്റ്‌സും അടക്കം ടീമിലെ പല സീനിയര്‍ താരങ്ങളുടേയും കസേരയും സുരക്ഷിതമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

അബിദാലിനെ 2018 ജൂണിലാണ് ബാഴ്‌സലോണ നിര്‍ണായകമായ സ്‌പോര്‍ട്ടിംഗ് ഡയറക്‌ടറാക്കിയത്. എന്നാല്‍ 2019-20 സീസണിലെ മോശം പ്രകടനവും താരങ്ങളുടെ സൈനിങ്ങിലെ പ്രശ്നങ്ങളും അബിദാലിനെതിരെ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച അബിദാലിനെതിരെ ആഞ്ഞടിച്ച് സൂപ്പര്‍താരം മെസി രംഗത്തിയത് വലിയ ചര്‍ച്ചയായിരുന്നു.

ഫ്രഞ്ച് പ്രതിരോധ താരമായിരുന്ന അബിദാല്‍ 2007ലാണ് താരമായി ബാഴ്‌സയിലെത്തിയത്. ബാഴ്‌സയ്‌ക്കൊപ്പം രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടി.

'സെറ്റിയന്‍ ഔട്ട്'; ബാഴ്‌സ പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നു, കോമാന്‍ പരിശീലകനാകും

click me!