ബാഴ്‌സലോണ: മുന്‍ ബാഴ്‌സലോണ പ്രതിരോധ താരം റോണാള്‍ഡ് കോമാന്‍ ബാഴ്‌സലോണ പരിശീലക സ്ഥാനം ഏറ്റെടുത്തു. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അംഗീകരിച്ചില്ലെങ്കിലും കറ്റാലന്‍ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇഎസ്പിഎനിന്റെ ബാഴ്‌സലോണ റിപ്പോര്‍ട്ടര്‍ മോയ്‌സസ് ലൊറന്‍സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍ത്തോമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടീം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. കോമാന്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത കാര്യം അടുത്ത ഞായറാഴ്ച്ചക്കുള്ളില്‍ ക്ലബ് ഔദ്യോഗികമായി പുറത്തുവിടും. നിലവിലെ പരിശീലകന്‍ ക്വികെ സെറ്റിയനെ പുറത്താക്കിയ കാര്യം ബാര്‍ത്തോമ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യത്തിലും ഔദ്യോഗിക അറിയിപ്പുണ്ടായില്ലെന്ന് മാത്രം. 

നെതര്‍ലന്‍ഡ്സിന്റെ ഇപ്പോഴത്തെ പരിശീലകന്‍ കോമാന്‍. ബാഴ്സയുടെ മുന്‍ താരംകൂടിയാണ് കോമാന്‍. അതേസമയം ടോട്ടന്‍ഹാം പരിശീലകന്‍ മൗറീസിയോ പൊച്ചെട്ടിനോയേയും പരിശീലകരുടെ ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം തള്ളിപ്പോവുകയായിരുന്നു. മുന്‍ ബാഴ്സ- സ്പാനിഷ് താരം സാവി ഫെര്‍ണാണ്ടസ്, മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി എന്നിവരും പട്ടികയിലുണ്ടായിരുന്നു.

ടീമില്‍നിന്ന് നിരവധി താരങ്ങള്‍ പുറത്തായേക്കും. ലൂയിസ് സുവാരസ്, ജെറാര്‍ഡ് പിക്വെ, ബുസ്‌കെറ്റ്സ് എന്നിവര്‍ക്കൊന്നും സ്ഥാനം ഉറപ്പില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മെസി, ടെര്‍സ്റ്റെഗന്‍, ഡി യോങ്, റിക്കി പുജ് എന്നിവരെ നിലനിര്‍ത്തും.