ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമം; ഇനി വരാനുള്ളത് ഔദ്യോഗിക അറിയിപ്പ് മാത്രം..!

By Web TeamFirst Published Aug 26, 2020, 3:02 AM IST
Highlights

മെസി ബാഴ്‌സ വിട്ടുവെന്നുള്ള കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക റിപ്പോര്‍ട്ട് മാത്രമാണ് വരാനുള്ളതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ മെസി യുഗത്തിന് വിരാമം. ക്ലബുമായുള്ള 19 വര്‍ഷത്തെ ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ക്ലബിനൊപ്പം തുടരാന്‍ താല്‍പര്യമില്ലെന്ന് മെസി ഫാക്‌സ് സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. മെസിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായി യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മെസി ബാഴ്‌സ വിട്ടുവെന്നുള്ള കാര്യം ക്ലബ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക റിപ്പോര്‍ട്ട് മാത്രമാണ് വരാനുള്ളതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Respeto y admiración, Leo. Todo mi apoyo, amigo.

— Carles Puyol (@Carles5puyol)

ഇതിനിടെ മെസിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തെ മുന്‍ പ്രതിരോധതാരം കാര്‍ലസ് പുയോള്‍ അഭിനന്ദിച്ചു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പുയോള്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. മെസിയുടെ സഹതാരം ലൂയിസ് സുവാരസ് ആവട്ടെ പുയോളിന്റെ ട്വീറ്റിന് കയ്യടിക്കുകയും ചെയ്തു. ഇതോടെ മെസി ക്ലബ് വിടുമെന്ന് ഏറെകുറെ ഉറപ്പാക്കുകയായിരുന്നു. കാറ്റലൂനിയന്‍ പ്രസിഡന്റ് ക്വിം ടൊറ മെസിക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്റലൂനിയ നിങ്ങളുടെ വീടാണ്. നിങ്ങള്‍ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച താരത്തിനൊപ്പം ഞങ്ങള്‍ക്ക് കുറച്ച് ക്ാലം ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ്.'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു.

👏👏

— Luis Suarez (@LuisSuarez9)

ബാഴ്‌സലോണ വിടാന്‍ തന്റെ റിലീസ് ക്ലോസ് നീട്ടിത്തരണമെന്ന് മെസിയുടെ വക്കീല്‍ ആവശ്യപ്പെട്ടാതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ജൂണ്‍ 10നാണ് താരത്തിന്റെ റിലീസ് ക്ലോസ് അവസാനിച്ചത്. അതുവരെയുള്ള ഏത് സമയത്തും മെസിക്ക് കരാര്‍ റദ്ദാക്കി ക്ലബ് വിടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സീസണ്‍ അവസാനിച്ചതിനാല്‍ മെസി ക്ലബ് വിടണമെങ്കില്‍ മേടിക്കുന്ന ക്ലബ് ഭീമന്‍ തുക റിലീസ് ക്ലോസ് നല്‍കേണ്ടി വരും. ഈയൊരു നിയമവശത്തിലൂടെ മെസിയെ ക്ലബില്‍ തന്നെ നിര്‍ത്താനും ബാഴ്‌സ ശ്രമിക്കുന്നുണ്ട്. 700 മില്യണാണ് റിലീസ് ക്ലോസ് തുക. 

Catalunya serà sempre casa teva. Moltes gràcies per tots aquest temps de felicitat i d’un futbol extraordinari. Hem tingut la sort de compartir uns anys de les nostres vides amb el millor jugador del món. I un noble esportista No t’oblidarem mai. Leo Messi, Creu de Sant Jordi. pic.twitter.com/Ojev577MoE

— Quim Torra i Pla (@QuimTorraiPla)

സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിച്ചിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലായിരുന്നു. പിന്നാലെ ക്ലബ് പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡ് കോമാന്‍ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നു. ലൂയിസ് സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിദാല്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പാവുകയും ചെയ്തിരുന്നു. മെസി കോമാന്റെ ഭാവിപദ്ധതികളുടെ ഭാഗമായിരുന്നു. എന്നാല്‍ ക്ലബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞതോടെ ബാഴ്‌സലോണയുടെ കാര്യം കൂടുതല്‍ പരുങ്ങലിലാവും.

എവിടേക്കാണ് താരത്തിന്റെ പോക്കെന്നുളള കാര്യത്തിലും ഉറപ്പായിട്ടില്ല. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ പെപ് ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാവും താരമെത്തുകയെന്ന് വാര്‍ത്തകളുണ്ട്. മെസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് ഗാര്‍ഡിയോള. എന്നാല്‍ പിഎസ്ജിയേക്കും താരം പോകുമെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങി. ഉറ്റസുഹൃത്ത് നെയ്മറുമായിട്ടുള്ള ബന്ധമാണ് പിഎസ്ജിയിലേക്ക് പോകാന്‍ താരത്തെ പ്രേരിപ്പിക്കുന്നത്. പിഎസ്ജി കോച്ച് തോമസ് തുച്ചല്‍ മെസിയെ സ്വാഗതം ചെയ്തിരുന്നു.

click me!