മെസിയേയും സംഘത്തേയും പരിശീലിപ്പിക്കാന്‍ കോമാന്റെ ക്ഷണം; ഹൈദരാബാദ് എഫ്സി കോച്ച് റോക്ക ബാഴ്‌സയിലേക്കോ?

By Web TeamFirst Published Aug 25, 2020, 12:42 PM IST
Highlights

 2003 മുതല്‍ 2008 വരെ ഫ്രാങ്ക് റൈക്കാര്‍ഡ് പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു റോക്ക. 

ബാഴ്‌സലോണ: മാറ്റത്തിനൊരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂനിച്ചിനോട് 8-2ന് പരാജയപ്പെട്ട ശേഷമാണ് ബോര്‍ഡ് ഒരു മാറ്റത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ആദ്യപടിയായി പരിശീലകന്‍ ക്വികെ സെറ്റിയാനെ പുറത്താക്കി. പിന്നാലെ പരിശീലകനായെത്തിയത് മുന്‍ താരവും നെതര്‍ലന്‍ഡ്‌സിന്റെ പരിശീലകനുമായിരുന്ന റൊണാള്‍ഡ് കോമാന്‍. അദ്ദേഹം തന്റെ ജോലി ആരംഭിച്ചു. ലൂയിസ് സുവാരസ്, ബുസ്‌കെറ്റ്‌സ്, ഇവാന്‍ റാകിടിച്ച്, അര്‍തുറോ വിദാല്‍ തുടങ്ങിയവരെ ഒഴിവാക്കിയേക്കും. ടീമിലേക്ക് യുവതാരങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. 

കോമാന്‍ തന്റെ പരിശീലക സംഘത്തില്‍ ആല്‍ഫ്രഡ് ഷ്രഡര്‍, ഹെന്റിക്ക് ലാര്‍സണ്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. മറ്റൊരാളെകൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് കോമാന്‍. മറ്റ് ആരേയുമല്ല ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫിയുടെ പരിശീലകനായ ആല്‍ബര്‍ട്ട് റോക്കയെയാണ് കോമാന്‍ തേടിക്കൊണ്ടിക്കുന്നത്. നേരത്തെ ബംഗളൂരു എഫ്‌സിയുടെ പരിശീലകനായിരുന്നു റോക്ക. അദ്ദേഹം നേരത്തെയും ബാഴ്‌സലോണയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. 2003 മുതല്‍ 2008 വരെ ഫ്രാങ്ക് റൈക്കാര്‍ഡ് പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു റോക്ക. 

റോക്കയ്ക്ക് ബാഴ്‌സലോണയില്‍ നിന്ന് ഓഫറുണ്ടെന്നുള്ള കാര്യം ഹൈദരാബാദ് എഫ്‌സി സീനിയര്‍ ഒഫിഷ്യല്‍ തന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ലെന്നും ഇന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

അവസാന സീസണില്‍ ഏറ്റവും അവസാനാണ് ഹൈദരാബാദ് എഫ്‌സി അവസാനിപ്പിച്ചത്. രണ്ട് ജയം മാത്രമാണ് ക്ലബിന് സ്വന്തമാക്കാനായത്. ഇതോടെ റോക്കയെ പരിശീലക സ്ഥാനം ഏല്‍പ്പിക്കുകയായിരുന്നു. 2022 വരെയാണ് ഹൈദരാബാദില്‍ റോക്കയുടെ കരാര്‍. റോക്കയെ സംബന്ധിച്ചിടത്തോളം വലിയ ഓഫറാണ് വന്നിട്ടുള്ളത്. അദ്ദേഹം ക്ലബ് വിടുമോയെന്നുള്ളത് വൈകാതെ അറിയാം.  

click me!