ലാ ലിഗ കിരീടപ്പോരില്‍ ബാഴ്‌സ പുറത്ത്; ഇനിയുള്ള മത്സരം മാഡ്രിഡ് ടീമുകള്‍ തമ്മില്‍

By Web TeamFirst Published May 17, 2021, 12:41 AM IST
Highlights

37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അത്‌ലറ്റികോ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്രയും തന്നെ മത്സരങ്ങള്‍ കളിച്ച റയലിന് 81 പോയിന്റാണുള്ളത്. ബാഴ്‌സ 76 പോയിന്റോടെ മൂന്നാമതാണ്. 

ബാഴ്‌സലോണ: ലാ ലിഗ കിരീടപ്പോരത്തില്‍ നിന്ന് ബാഴ്‌സലോണ പുറത്ത്. ഇന്നലെ സെല്‍റ്റ് വിഗോയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റതോടെയാണ് ബാഴ്‌സയുടെ പ്രതീക്ഷകള്‍ അവസാനിച്ചത്. അതേസമയം മാഡ്രിഡ് ടീമുകള്‍ മത്സരം കടുപ്പിച്ചു. ഇന്ന് റയലും അത്‌ലറ്റികോയും ജയിച്ചതോടെ കിരീടപ്പോര് അവസാന ലാപ്പിലേക്ക് കടന്നു. ഒരു റൗണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. 37 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അത്‌ലറ്റികോ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്രയും തന്നെ മത്സരങ്ങള്‍ കളിച്ച റയലിന് 81 പോയിന്റാണുള്ളത്. ബാഴ്‌സ 76 പോയിന്റോടെ മൂന്നാമതാണ്. 

ഇന്ന്് ഒസാസുനയ്‌ക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്നാണ് അത്‌ലറ്റികോ തിരിച്ചടിച്ചത്. 75-ാം മിനിറ്റില്‍ അന്റേ ബുദിമറിന്റെ ഗോളില്‍ ഒസാസുന മുന്നിലെത്തി. എന്നാല്‍ 82-ാം മിനിറ്റില്‍ റെനാന്‍ ലോഡിയുടെ ഗോളില്‍ സിമിയോണിയും സംഘവും ഒപ്പെത്തി. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയെങ്കിലും ലൂയിസ് സുവാസ് വിജയഗോള്‍ നേടി. 

അത്‌ലറ്റിക് ക്ലബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. 68-ാം മിനിറ്റില്‍ നാച്ചോയുടെ വകയായിരുന്നു ഗോള്‍. സെല്‍റ്റക്കെതിരെ ലീഡെടുത്ത ശേഷമാണ് ബാഴ്‌സലോണ തോല്‍വി വഴങ്ങിയത്. 28-ാം മിനിറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ ബാഴ്‌സ മുന്നിലെത്തി. എന്നാല്‍ സാന്റി മിന 38, 89 മിനിറ്റുകളില്‍ നേടിയ ഗോള്‍ ബാഴ്‌സയുടെ പ്രതീക്ഷ കെടുത്തി. 

റയലിന് കിരീടം നേടാന്‍ ഒരു സാധ്യതയാണ് ഇനിയുള്ളത്. വയ്യഡോളിഡിനെതിരായ അടുത്ത മത്സരത്തില്‍ അത്‌ലറ്റികോ സമനില ആവുകയോ തോല്‍ക്കുകയോ ചെയ്യണം. അതോടൊപ്പം റയല്‍ അടുത്ത മത്സരത്തില്‍ വിയ്യറയലിനെ തോല്‍പ്പിക്കുകയും വേണം. ഇരു ടീമുകള്‍ക്കും 84 പോയിന്റ് വീതമായാല്‍ റയല്‍ കിരീടം നേടും. ലീഗില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോല്‍ റയലിനായിരുന്നു മുന്‍തൂക്കം. 

click me!