
മാഡ്രിഡ്: ഞായറാഴ്ചച നടക്കുന്ന ബാഴ്സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുമ്പ് ബാഴ്സ സൂപ്പര്‍ താരം ലിയോണല്‍ മെസിയെ കൊച്ചാക്കാന്‍ നോക്കിയ റയല്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ തിബൗട്ട് ക്വര്‍ട്ടോയിസിന്റെ വായടപ്പിച്ച് ബാഴ്സലോണ. മെസിയെ തടയാന്‍ പ്രത്യേക തന്ത്രങ്ങള്‍ ഒന്നും മെനയേണ്ടതില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം മെസി മറ്റേതൊരു സാധാരണ കളിക്കാരനെയും പോലെയാണെന്നും ക്വര്‍ട്ടോ പറഞ്ഞിരുന്നു.
സ്പാനിഷ് ലീഗിലെ അവസാന സ്ഥാനക്കാരായ സെല്‍റ്റാവിഗോയിലെയോ ലാവെന്തയിലേയോ ഏതൊരു കളിക്കാരനെതിരെയും തന്ത്രങ്ങള്‍ മെനയുന്ന പോലെയെ തങ്ങള്‍ മെസിക്കെതിരെയും തന്ത്രങ്ങള്‍ മെനയുന്നുള്ളൂ എന്നും മറ്റൊരു വ്യത്യാസവും ഇല്ലെന്നും ക്വര്‍ട്ടോ പറഞ്ഞുവെച്ചു. എന്നാല്‍ ക്വര്‍ട്ടോയുടെ കമന്റ് റയല്‍ ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെ ക്വര്‍ട്ടോയ്ക്കെതിരെ മെസി നേടിയ മനോഹര ഗോളുകള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്താണ് ബാഴ്സ മറുപടി നല്‍കിയത്.
ക്വര്‍ട്ടോയെ കീഴടക്കി മെസി ഒമ്പത് തവണ വല ചലിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ മൂന്നെണ്ണം ക്വര്‍ട്ടോയെ ഇളിഭ്യനാക്കിയിട്ടായിരുന്നുവെന്നും ബാഴ്സ ട്വീറ്റില്‍ പറയുന്നു. സ്പാനിഷ് ലീഗില്‍ 13 മത്സരങ്ങള്‍ മാത്രം ബാക്കിയിരിക്കെ റയലിനേക്കാള്‍ രണ്ട് പോയന്റ് മാത്രം മുന്നിലാണ് ബാഴ്സ.
ഞായറാഴ്ച റയലിനെ കീഴടക്കിയാല്‍ ലീഗ് കിരീടത്തിലേക്ക് ബാഴ്സക്ക് ഒരുപടി കൂടി അടുക്കാനാവും. നാലു മത്സരങ്ങളിലെ ഗോള്‍വരള്‍ച്ചക്കുശേഷം ഐബിറിനെതിരെ നാലും ഗോളടിച്ച് തകര്‍പ്പന്‍ ഫോമിലേക്ക് മെസി തിരിച്ചെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!