ഐഎസ്‌എല്‍ പ്ലേ ഓഫ്: ചെന്നൈയിന് മുന്നില്‍ ഗോവ തരിപ്പണം

By Web TeamFirst Published Feb 29, 2020, 10:26 PM IST
Highlights

54-ാം മിനിറ്റില്‍ ലൂസിയന്‍ ഗോയിയനിലൂടെ ചെന്നൈ ലീഡെടുത്തു. അനിരുദ്ധ ഥാപ്പൾ(61), എലി സാബിയ(77), ലാലിയാന്‍സുലാ ചാങ്തെ എന്നിവരിലൂടെ ചെന്നൈയിന്‍ വിജയമുറപ്പിച്ചപ്പോള്‍ 85-ാം മിനിറ്റില്‍ സേവിയര്‍ ഗാമയിലൂടെ ഗോവ ആശ്വാസ ഗോള്‍ നേടി

ചെന്നൈ: ഐഎസ്എല്‍ പ്ലേ ഓഫ് ആദ്യ പാദത്തില്‍ എഫ്‌സി ഗോവയെ ഗോള്‍മഴയില്‍ മുക്കി ചെന്നൈയിന്‍ എഫ്‌സി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഗോവയെ തുരത്തിയ ചെന്നൈയിന്‍ ഫൈനലിനോട് ഒരുപടി കൂടി അടുത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു മുഴുവന്‍ ഗോളുകളും.

54-ാം മിനിറ്റില്‍ ലൂസിയന്‍ ഗോയിയനിലൂടെ ചെന്നൈ ലീഡെടുത്തു. അനിരുദ്ധ ഥാപ്പ(61), എലി സാബിയ(77), ലാലിയാന്‍സുലാ ചാങ്തെ എന്നിവരിലൂടെ ചെന്നൈയിന്‍ വിജയമുറപ്പിച്ചപ്പോള്‍ 85-ാം മിനിറ്റില്‍ സേവിയര്‍ ഗാമയിലൂടെ ഗോവ ആശ്വാസ ഗോള്‍ നേടി. ലീഗ് ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഗോവയുടെ സീസണിലെ ഏറ്റവും വലിയ തോല്‍വിയാണിത്.

പരിക്കേറ്റ് പുറത്തായ ഹ്യൂഗോ ബമൗസും ബ്രാണ്ടന്‍ ഫെര്‍ണാണ്ടസും ഇല്ലാതെയിറങ്ങിയ ഗോവയ്ക്ക് പതിവ് താളം വീണ്ടെടുക്കാനായില്ല. ആദ്യപാദത്തില്‍ നേടിയ മൂന്ന് ഗോളിന്റെ ലീഡ് രണ്ടാം പാദത്തില്‍ ചെന്നൈയിന് അനുകൂലഘടകമാണ്. ചെന്നൈയിന്റെ മൈതാനത്ത് വിലയേറിയ ഒരു എവേ ഗോള്‍ നേടി എന്നത് മാത്രമാണ് ഗോവയുടെ ആശ്വാസം. രണ്ടാം പാദത്തില്‍ ചെന്നൈയിനെ ഗോളടിക്കാന്‍ വിടാതെ നാലു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഗോവക്ക് ഇനി ഫൈനല്‍ സ്വപ്നം കാണാനാകു.

click me!