
ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ആദ്യപാദ സെമിഫൈനലിൽ ഇന്ന് സൂപ്പർ പോരാട്ടം. ലിവർപൂൾ രാത്രി പന്ത്രണ്ടരയ്ക്ക് ബാഴ്സലോണയെ നേരിടും. സ്പാനിഷ് ലീഗ് കിരീടത്തിന്‍റെ തിളക്കത്തിലാണ് ലിയോണൽ മെസ്സിയുടെ ബാഴ്സലോണ. പ്രീമിയർ ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പൊരുതുകയാണ് മുഹമ്മദ് സലായുടെ ലിവർപൂൾ. നൗക്യാമ്പിൽ ഫൈനൽ ലക്ഷ്യമിട്ട് വമ്പൻതാരങ്ങൾ നേർക്കുനേർ പോരടിക്കുമ്പോള്‍ കാല്‍പന്തുപ്രേമികള്‍ക്ക് ആവേശം അലയടിച്ചുയരും.
ക്വാർട്ടറിൽ ലിവർപൂൾ എഫ് സി പോർട്ടോയെയും ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെയുമാണ് തോൽപിച്ചത്. ലിയോണൽ മെസ്സി, ലൂയിസ് സുവാരസ്, ഫിലിപെ കുടീഞ്ഞോ ത്രയത്തെ ആശ്രയിച്ചാവും ബാഴ്സയുടെ കുതിപ്പ്. അവസാന പത്ത് കളിയിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുമ്പോൾ മെസ്സിക്കും സംഘത്തിനും കരുത്ത് ഇരട്ടിയാണ്.
മുഹമ്മദ് സലാ, സാദിയോ മാനേ, റോബർട്ടോ ഫിർമിനോ ത്രയത്തിലാണ് ലിവർപൂളിന്‍റെ പ്രതീക്ഷ. പരുക്കിൽ നിന്ന് പൂർണ മോചിതനാവാത്ത ഫിർമിനോ ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. ഫാബീഞ്ഞോ, ആഡം ലലാന എന്നിവരും പരുക്കിന്‍റെ പിടിയിൽ. അവസാന പത്തൊൻപത് കളിയിൽ തോൽവി അറിയാതെ കുതിക്കുന്ന യുർഗൻ ക്ലോപ്പിന്‍റെ ചെമ്പട പതിനാല് കളിയിലും ജയിച്ചു. എതിരാളികളുടെ പകുതിയിലേക്ക് നിരന്തരം ഇരച്ചുകയരുന്നതാണ് ക്ലോപ്പിന്‍റെ ശൈലി.
ബാഴ്സയും ലിവർപൂളും എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ലിവർപൂൾ മൂന്നും ബാഴ്സ രണ്ടിലും ജയിച്ചു. മൂന്ന് കളി സമനിലയിൽ. ഹോം ഗ്രൗണ്ടിൽ ലിവർപൂളിനെതിരെ കളിച്ച് നാല് കളിയിലും ബാഴ്യ്ക്ക് ജയിക്കാനായിട്ടില്ല. അവസാനം ഏറ്റുമുട്ടിയ 2007ൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയം ലിവർപൂളിനൊപ്പമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!