കൊവിഡ് 19: സീസൺ ഉപേക്ഷിക്കുന്ന ആദ്യ ഫുട്ബോള്‍ ലീഗായി ബെൽജിയം ലീഗ്

By Web TeamFirst Published Apr 3, 2020, 3:29 PM IST
Highlights

ലീഗില്‍ ഏറെ മുന്നിലുണ്ടായിരുന്ന ക്ലബ്ബ് ബ്രുഗിനെ വിജയികളായും പ്രഖ്യാപിച്ചു

ബ്രസല്‍സ്: കൊവിഡ് 19 വ്യാപനം കാരണം സീസൺ ഉപേക്ഷിക്കുന്ന ആദ്യ ഫുട്ബോള്‍ ലീഗായി ബെൽജിയം ലീഗ്. 16 ടീമുകള്‍ ഉള്ള ലീഗില്‍ 29 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് സീസൺ ഉപേക്ഷിച്ചത്. ലീഗില്‍ ഏറെ മുന്നിലുണ്ടായിരുന്ന ക്ലബ്ബ് ബ്രുഗിനെ വിജയികളായും പ്രഖ്യാപിച്ചു.

ജൂണിനകം ലീഗ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് തീരുമാനം. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നത് താരങ്ങള്‍ക്ക് സുരക്ഷിതം അല്ലെന്ന വിലയിരുത്തലിലാണ് ബാക്കി മത്സരങ്ങള്‍  വേണ്ടെന്നു വച്ചത്. 

Read more: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായി സി കെ വിനീത്- വീഡിയോ കാണാം

മരണസംഖ്യ ഉയര്‍ന്ന ഇറ്റലിയിലെ ലീഗ് അടക്കം യൂറോപ്പിലെ പല പ്രമുഖ ലീഗുകളും ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ ബെലാറസിൽ ഒഴികെ എല്ലായിടത്തും ഫുട്ബോള്‍ ലീഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. വമ്പന്‍മാർ അണിനിരക്കുന്ന സ്‍പാനിഷ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നിവയും നിർത്തിവച്ചവയിലുണ്ട്. 

ബെലാറസിൽ ഇതുവരെ 304 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ലോകത്താകെ 1,021,043 പേർക്ക് രോഗം പിടിപെട്ടപ്പോള്‍ 53,458 പേർ മരണപ്പെട്ടു. 

 

click me!