
ദോഹ: ലോകകപ്പില്‍ ഉപയോഗിക്കുന്ന എവേ കിറ്റില്‍ നിന്ന് 'ലവ്' എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ബെല്‍ജിയം ദേശീയ ടീമിനോട് ആവശ്യപ്പെട്ട് ഫിഫ. ബെല്‍ജിയം ടീമിന്‍റെ എവേ കിറ്റിന്‍റെ കോളറിലാണ് 'ലവ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, 'വണ്‍ ലവ്' ക്യാമ്പയിനുമായി ഈ കിറ്റിന് ഒരു ബന്ധവും ഇല്ലായിരുന്നു. 'ടുമാറോലാൻഡ്' എന്ന സംഗീതോത്സവവുമായി സഹകരിച്ചായിരുന്നു ഈ കിറ്റ് പുറത്തിറക്കിയത്.
എന്നാല്‍, ‘ലവ്’ എന്ന വാക്ക് നീക്കം ചെയ്താൽ മാത്രമേ ജേഴ്‌സി ധരിക്കാൻ അനുവദിക്കൂവെന്ന് ഫിഫ ബെൽജിയം ഫുട്ബോള്‍ അസോസിയേഷന് അന്ത്യശാസനം നല്‍കുകയായിരുന്നു. കടുത്ത നിരാശയുണ്ടെന്നാണ് ഫിഫയുടെ നിലപാടിനോട് ബെല്‍ജിയം പ്രതികരിച്ചിട്ടുള്ളത്. ഫിഫയുടെ ആവശ്യങ്ങൾ ബെല്‍ജിയം അംഗീകരിച്ചാൽ ഇനി കിറ്റ് നിർമ്മാതാക്കളായ അഡിഡാസിൽ നിന്ന് പുതിയ ഷർട്ടുകൾ ഉണ്ടാക്കി ഖത്തറിലേക്ക് അയക്കേണ്ടി വരും.
അതേസമയം, ഫിഫ നിലപാട് കടുപ്പിച്ചതോടെ വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് യൂറോപ്യന്‍ ടീമുകള്‍ പിന്മാറിയിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യൂറോപ്യന്‍ ടീമുകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുന്നത്.
തങ്ങളുടെ ക്യാപ്റ്റൻമാർ കളിക്കളത്തിൽ ആം ബാൻഡ് ധരിച്ചാൽ കായിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഫിഫ വ്യക്തമാക്കിയെന്ന് ഇംഗ്ലണ്ട്, വെയിൽസ്, ബെൽജിയം, ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നീ ഫുട്‌ബോൾ അസോസിയേഷനുകള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ ഫെഡറേഷനുകൾ എന്ന നിലയിൽ തങ്ങളുടെ കളിക്കാരെ ബുക്കിംഗ് ഉൾപ്പെടെയുള്ള കായിക ഉപരോധങ്ങൾ നേരിടുന്ന അവസ്ഥയില്‍ നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ട് ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ആംബാൻഡ് ധരിക്കാൻ ശ്രമിക്കരുതെന്ന് ക്യാപ്റ്റന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷനുകള്‍ വ്യക്തമാക്കി. ഇന്നലെ ഇംഗ്ലണ്ടും വെയ്ല്‍സുമെല്ലാം കളത്തില്‍ ഇറങ്ങിയത് വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കാതെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!