ഐഎസ്എല്‍ കിരീടത്തിന് പുതിയ അവകാശികളെത്തും; കണ്ണീരുണക്കാന്‍ ഗോവയും ബെംഗളൂരുവും കളത്തിലേക്ക്

By Web TeamFirst Published Mar 17, 2019, 7:11 AM IST
Highlights

സെമിയിൽ ബെംഗളൂരു നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ഗോവ മുംബൈ സിറ്റിയെയുമാണ് മടക്കി അയച്ചത്. ആദ്യ പാദത്തിൽ തോറ്റ ബി എഫ് സി രണ്ടാംപാദത്തിലെ മിന്നും ജയത്തോടെയാണ് ഫൈനൽ ഉറപ്പിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി, മികു, ഉദാന്ത സിംഗ് എന്നിവരുടെ കരുത്തിലാണ് ബി എഫ് സിയുടെ മുന്നേറ്റം

മുംബൈ: ബെംഗളൂരുവോ ഗോവയോ. ആര് ജയിച്ചാലും ഇന്ത്യൻ സൂപ്പ‍ർ ലീഗ് കിരീടത്തിന് പുതിയ അവകാശികളാകും ജനിക്കുക. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ ബെംഗളൂരുവിനും 2015ലെ ഫൈനലിസ്റ്റായ ഗോവയക്കും കിരീടപ്പോരിൽ വീണുടഞ്ഞ കണ്ണീരുണക്കാനുള്ള അവസരമാണ്. സീസണിൽ ഏറ്റവും സ്ഥിരത പുലർത്തിയ രണ്ട് ടീമുകൾ നേർക്കുനേർ വരുന്പോൾ ഉഗ്രൻപോരാട്ടം ഉറപ്പ്.

ഫൈനലിൽ എത്തും മുൻപ് ബെംഗളൂരു 33 ഗോളും ഗോവ 41 ഗോളും എതിരാളികളുടെ വലയിൽ എത്തിച്ചിട്ടുണ്ട്. സെമിയിൽ ബെംഗളൂരു നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ഗോവ മുംബൈ സിറ്റിയെയുമാണ് മടക്കി അയച്ചത്. ആദ്യ പാദത്തിൽ തോറ്റ ബി എഫ് സി രണ്ടാംപാദത്തിലെ മിന്നും ജയത്തോടെയാണ് ഫൈനൽ ഉറപ്പിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി, മികു, ഉദാന്ത സിംഗ് എന്നിവരുടെ കരുത്തിലാണ് ബി എഫ് സിയുടെ മുന്നേറ്റം. 

ഫെറാൻ കോറോമിനാസ്, ബ്രാൻഡൻ ഫെർണാണ്ടസ്, എഡു ബെഡിയ, ജാക്കിചന്ദ് സിംഗ് എന്നിവരിലൂടെ ആയിരിക്കും ഗോവയുടെ മറുപടി. സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ബെംഗളൂരുവിന് ഒപ്പം. ഗോവയിൽ ഒന്നിനെതിരെ രണ്ട് ഗോളിനും ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്ന് ഗോളിനും ആയിരുന്നു ബി എഫ് സിയുടെ ജയം. ഐ എസ് എല്ലിൽ ഇരുടീമും ആകെ ഏറ്റുമുട്ടിയത് നാല് കളിയിൽ. ഗോവയ്ക്കൊപ്പം ഒറ്റജയം മാത്രം. മുംബൈയിൽ നടക്കുന്ന കലാശപ്പോരാട്ടം വൈകിട്ട് ഏഴരയ്ക്കാണ് തുടങ്ങുക.

click me!