
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ ഫുട്ബോൾ മത്സരത്തെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ. സൗഹൃദ മത്സരത്തെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ വെറുമൊരു ‘സർക്കസ്’ എന്ന് വിശേഷിപ്പിച്ച ബൂട്ടിയ, രാജ്യത്തെ ഫുട്ബോളിന്‍റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ കോടികൾ മുടക്കി ഇത്തരമൊരു മത്സരം സംഘടിപ്പിച്ച ഫെഡറേഷന്‍റെ നടപടിയെ ചോദ്യം ചെയ്തു.
ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള ബ്രസീലിനെതിരെ 138-ാം സ്ഥാനത്തുള്ള ഇന്ത്യ ഇറങ്ങുന്നതിൽ ഒരു യുക്തിയുമില്ലെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ബൂട്ടിയ ചൂണ്ടിക്കാട്ടി.
കളിക്കാരന്‍റെയോ ആരാധകന്‍റെയോ കോണിൽ നിന്ന് നോക്കുമ്പോൾ ബ്രസീലിനെതിരെ കളിക്കുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ ഫെഡറേഷന്‍റെ ജോലി കളിക്കാർക്ക് ബ്രസീലിനെതിരെ കളിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കലാണോ, അതോ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്ത് ഫുട്ബോൾ വളർത്തലാണോ എന്ന് ബൂട്ടിയ ചോദിച്ചു. ബ്രസീലിനെതിരെ കളിക്കാൻ ഫെഡറേഷൻ 50 മുതൽ 60 കോടി രൂപ വരെയാണ് ചെലവാക്കിയതെന്ന് കേൾക്കുന്നു. കഴിഞ്ഞ ബജറ്റിൽ 14 മുതൽ 16 കോടി രൂപയുടെ വരുമാനമുണ്ടായ ഒരു ഫെഡറേഷനാണിത്. സ്പോൺസർമാരെ കിട്ടാതെ ഐ-ലീഗിലെയും ഐഎസ്എല്ലിലെയും ക്ലബ്ബുകൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. എന്നിട്ടാണ് ഈ ധൂർത്തെന്നും ബൂട്ടിയ പറഞ്ഞു.
ഇന്ത്യൻ ഫുട്ബോൾ ടീമിന് അനുയോജ്യമായ ഫിഫ ആസിയാൻ കപ്പ് ടൂർണമെന്‍റിൽ നിന്ന് ഇന്ത്യ പിന്മാറി ബ്രസീൽ മത്സരത്തിന് മുൻഗണന നൽകിയതിനെയും ബൂട്ടിയ വിമർശിച്ചു. ഇന്ത്യയ്ക്ക് റാങ്കിംഗിൽ ഒപ്പമുള്ള ടീമുകൾക്കെതിരെ കുറഞ്ഞത് മൂന്ന് മത്സരങ്ങൾ എങ്കിലും കളിക്കാൻ ആസിയാൻ കപ്പിൽ അവസരം ലഭിക്കുമായിരുന്നു. ജപ്പാൻ ചെയ്തതുപോലെ ബ്രസീലിയൻ കോച്ചുകളെയും വിദഗ്ദ്ധരെയും രാജ്യത്ത് എത്തിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് ജപ്പാൻ മോഡൽ ചൂണ്ടിക്കാട്ടി ബൂട്ടിയ പറഞ്ഞു. ഫുട്ബോളിനെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്ത ഒരു പ്രസിഡന്‍റാണ് ഫെഡറേഷനെ നയിക്കുന്നതെന്നും, ഇന്ത്യ റാങ്കിംഗിൽ 100-ൽ നിന്ന് 140-ലേക്ക് താഴേക്ക് പോയത് ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!