Latest Videos

നെയ്മറുടെ കാലിലെ പരിക്ക്, ബ്രസീലിന് ആശങ്ക, ഒന്നും പേടിക്കേണ്ടെന്ന് ടിറ്റെ

By Web TeamFirst Published Nov 25, 2022, 12:04 PM IST
Highlights

നെയ്മറുടെ പരിക്കില്‍ ആശങ്കപ്പെടേണ്ടെന്നാണ് പരിശീലകന്‍ ടിറ്റെ പറയുന്നത്. ഇപ്പോള്‍ പുറത്തുവരുന്നത് തീര്‍ത്തും വൈകാരികമായ പ്രതികരണങ്ങളാണെന്നും അടുത്ത 24-48 മണിക്കൂര്‍ നിരീക്ഷിച്ചശേഷമെ നെയ്മറുടെ പരിക്കിനെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നും ടിറ്റെ പറഞ്ഞു.

ദോഹ: ലോകകപ്പില്‍ സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തിന്‍റെ അവസാന നിമിഷം നെയ്മറുടെ കാല്‍ക്കുഴക്ക് പരിക്കേറ്റത് ബ്രസീലിന് ആശങ്ക സമ്മാനിക്കുമ്പോള്‍ ഒന്നും പേടിക്കാനില്ലെന്ന് ആശ്വസിപ്പിച്ച് പരിശീലകന്‍ ടിറ്റെ. ഇന്നലെ സെര്‍ബിയക്കെതിരായ മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റ് ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി മുടന്തി നെയ്മര്‍ ഗ്രൗണ്ട് വിട്ടിരുന്നു. നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങളും പിന്നീട് പുറത്തുവന്നു.

കളിയുടെ അവസാന നിമിഷങ്ങളില്‍ വേദന കാരണം സൈഡ് ബെഞ്ചില്‍ കണ്ണടിച്ചിരിക്കുന്ന ദൃശ്യങ്ങളും കണ്ടു. പിന്നീട് മുടന്തി മുടന്തിയാണ് നെയ്മര്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയത്. ഇത് ബ്രസീല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. സെര്‍ബിയന്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗിന് നെയ്മര്‍ ഇന്നലെ വിധേയനായിരുന്നു. കടുത്ത മാര്‍ക്കിംഗിലൂടെ നെയ്മറെ പൂട്ടുന്നതില്‍ ഒരു പരിധിവരെ സെര്‍ബിയന്‍ താരങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇടക്കിടെ കെട്ടുപൊട്ടിച്ച് നെയ്മര്‍ പുറത്തുചാടാന്‍ ശ്രമിച്ചപ്പോഴൊക്കെ കടുത്ത ടാക്ലിംഗിലൂടെ സെര്‍ബിയ നേരിട്ടു.

എന്നാല്‍ നെയ്മറുടെ പരിക്കില്‍ ആശങ്കപ്പെടേണ്ടെന്നാണ് പരിശീലകന്‍ ടിറ്റെ പറയുന്നത്. ഇപ്പോള്‍ പുറത്തുവരുന്നത് തീര്‍ത്തും വൈകാരികമായ പ്രതികരണങ്ങളാണെന്നും അടുത്ത 24-48 മണിക്കൂര്‍ നിരീക്ഷിച്ചശേഷമെ നെയ്മറുടെ പരിക്കിനെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നും ടിറ്റെ പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്നാണ് താന്‍ കരുതുന്നതെന്നും ടിറ്റെ വ്യക്തമാക്കി. ഒന്നും പേടിക്കേണ്ട, നെയ്മര്‍ ലോകകപ്പില്‍ കളിക്കും. അദ്ദേഹം കളി തുടര്‍ന്നുകൊണ്ടേയിരിക്കും, അക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഞാനുറപ്പ് തരാം-ടിറ്റെ പറഞ്ഞു.

സെർബിയക്കെതിരെ റിച്ചാർലിസന്റെ അക്രോബാറ്റിക് ​ഗോൾ; ഇതുവരെയുള്ളതിൽ മികച്ചതെന്ന് ഫുട്ബോൾ ലോകം 

സെര്‍ബിയന്‍ താരം നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗില്‍ നെയ്മറുടെ വലതു കാല്‍ക്കുഴയില്‍ പരിക്കേറ്റിട്ടുണ്ടെന്നും നീര്‍ക്കെട്ടുണ്ടെന്നും ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ പറഞ്ഞു.  2014ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ നെയ്മര്‍ക്ക് പരിക്കേറ്റതോടെ സെമിയില്‍ ജര്‍മനിക്കെതിരെ ബ്രസീല്‍ 7-1ന് തകര്‍ന്നടിഞ്ഞിരുന്നു. അതുപോലെയുല്ള വൈകാരിക പ്രതികരണങ്ങള്‍ ഒഴിവാക്കാനാണ് ടിറ്റെ പരിക്കില്‍ പേടിക്കേണ്ടെന്ന സന്ദേശം ആരാധകര്‍ക്ക് നല്‍കിയതെന്നാണ് വിലയിരുത്തല്‍.

click me!