ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍; ശിഷ്യന്‍മാര്‍ക്ക് ടിറ്റെയുടെ കഠിന പരിശീലനം

By Web TeamFirst Published May 31, 2021, 11:41 AM IST
Highlights

നവംബറിന് ശേഷം ബ്രസീലിയൻ താരങ്ങൾ വീണ്ടും കോച്ച് ടിറ്റെയുടെ കീഴിൽ ഒത്തുചേരുകയാണ്. യൂറോപ്പിലെ വിവിധ ലീഗുകളിൽ കളിച്ചെത്തിയ താരങ്ങൾ ക്യാമ്പില്‍ ചേർന്നത് കൊവിഡ് പരിശോധനയ്‌ക്ക് ശേഷം. 

സാവോ പോളോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ബ്രസീൽ ടീമിന്റെ പരിശീലന ക്യാമ്പ് പുരോഗമിക്കുന്നു. കോച്ച് ടിറ്റെയുടെ നേതൃത്വത്തിലാണ് ടീമിന്റെ പരിശീലനം. 

നവംബറിന് ശേഷം ബ്രസീലിയൻ താരങ്ങൾ വീണ്ടും കോച്ച് ടിറ്റെയുടെ കീഴിൽ ഒത്തുചേരുകയാണ്. യൂറോപ്പിലെ വിവിധ ലീഗുകളിൽ കളിച്ചെത്തിയ താരങ്ങൾ ക്യാമ്പില്‍ ചേർന്നത് കൊവിഡ് പരിശോധനയ്‌ക്ക് ശേഷം. നെയ്‌മർ, അലിസൺ, ഫിർമിനോ, മാർക്വീഞ്ഞോസ് തുടങ്ങിയവരെല്ലാം ക്യാമ്പിലെത്തിയിട്ടുണ്ട്. ശാരീരികക്ഷമത ഉറപ്പാക്കാൻ കഠിന മുറകളാണ് ഒരുക്കിയിരിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ചെൽസിയുടെ തിയാഗോ സിൽവയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസും എഡേഴ്‌സണും ഉടൻ ടീമിനൊപ്പം ചേരും. പരിശീലനത്തിനായി ബ്രസീലിയൻ ആഭ്യന്തര ലീഗിലെ ചില താരങ്ങളെയും കോച്ച് ടിറ്റെ ക്യാമ്പിലേക്ക് വിളിച്ചിട്ടുണ്ട്. 

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജൂൺ അഞ്ചിന് ഇക്വഡോറിനെയും ഒൻപതിന് പരാഗ്വേയെയുമാണ് ബ്രസീൽ നേരിടുക. നാല് കളിയും ജയിച്ച് 12 പോയിന്റുമായി ലാറ്റിനമേരിക്കൻ മേഖലയിൽ ഒന്നാം സ്ഥാനത്താണിപ്പോൾ ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ശേഷം കോപ്പ അമേരിക്ക നിലനിർത്തുകയാണ് ബ്രസീലിന്റെ ലക്ഷ്യം. 

എന്നാല്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കൊളംബിയക്ക് പിന്നാലെ അര്‍ജന്‍റീനയെയും ആതിഥേയത്വത്തില്‍ നിന്ന് തെക്കനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ഒഴിവാക്കി. കൊവിഡ് വ്യാപനം രൂക്ഷമായതാണ് അര്‍ജന്‍റീനയെ ഒഴിവാക്കാന്‍ കാരണം. പുതിയ വേദി ഇന്ന് പ്രഖ്യാപിച്ചേക്കും. വേദിയായി അമേരിക്കയെയും ചിലെയെയും പരാഗ്വെയെയും പരിഗണിക്കുന്നുണ്ട്.  

കോപ്പ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

ബംഗളൂരു എഫ്‌സി വിട്ട ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്റ്റേഴ്‌സില്‍..?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!