ബ്രസീലിന്‍റെ പുതിയ പരിശീലകന്‍; ഒടുവില്‍ നീക്കങ്ങള്‍ മോറീഞ്ഞോയിലേക്ക്

By Web TeamFirst Published Dec 25, 2022, 9:18 AM IST
Highlights

ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെയാണ് കോച്ച് ടിറ്റെ ബ്രസീല്‍ ടീം വിട്ടത്

സാവോപോളോ: ഖത്തര്‍ ഫിഫ ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ കോച്ച് ടിറ്റെയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ബ്രസീൽ. സൂപ്പര്‍ കോച്ച് ഹോസെ മോറീഞ്ഞോയെ പരിശീലകനായി നിയമിക്കാനാണ് നീക്കം. സൂപ്പര്‍ ഏജന്‍റ് ജോര്‍ജേ മെന്‍ഡസാണ് മോറീഞ്ഞോയുമായി ചര്‍ച്ചകള്‍ നടത്തുക എന്നാണ് റിപ്പോര്‍ട്ട്. 

ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെയാണ് കോച്ച് ടിറ്റെ ബ്രസീല്‍ ടീം വിട്ടത്. പകരം കോച്ചിനുള്ള ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ അന്വേഷണം നിലവില്‍ എത്തിനില്‍ക്കുന്നത് എ എസ് റോമ പരിശീലകന്‍ ഹോസേ മോറീഞ്ഞോയിലാണ്. പുറത്താക്കപ്പെട്ട ഫെര്‍ണാണ്ടോ സാന്‍റോസിന് പകരം പോര്‍ച്ചുഗലും മോറീഞ്ഞോയ്‌ക്കായി രംഗത്തുണ്ട്. നേരത്തെ പെപ് ഗ്വാര്‍ഡിയോളയ്ക്കായി ബ്രസീല്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. മാഞ്ചസ്റ്റര്‍ സിറ്റി പെപുമായുള്ള കരാര്‍ പുതുക്കിയതോടെയാണ് ബ്രസീല്‍ മോറീഞ്ഞോയിലേക്ക് തിരിഞ്ഞത്. ക്രിസ്‌മസ് അവധിക്കാലത്തിയായി മോറീഞ്ഞോ നിലവില്‍ പോര്‍ച്ചുഗലിലാണുള്ളത്. ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായി സൂപ്പര്‍ ഏജന്‍റ് ജോര്‍ജേ മെന്‍ഡസാണ് മോറീഞ്ഞോയുമായി ചര്‍ച്ചകള്‍ നടത്തുക. ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം തുടങ്ങിയ പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള മോറീഞ്ഞോ ഇതുവരെ ഒരു ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടില്ല. 

ഏറ്റവും മികച്ച സ്ക്വാഡുമായി ഖത്തറിലെത്തിയ ടിറ്റെയുടെ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ പക്ഷേ ക്രൊയേഷ്യയെ മറികടക്കാനായില്ല. ഷൂട്ടൗട്ടില്‍ പിഴച്ചപ്പോള്‍ കാനറികള്‍ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. യുവതാരം റോഡ്രിഗോ, പ്രതിരോധ നിരയിലെ കരുത്തന്‍ മാര്‍ക്വീഞ്ഞോസ് എന്നിവര്‍ക്കാണ് പെനാല്‍റ്റിയെടുത്തപ്പോള്‍ പിഴച്ചത്. കൂടുതല്‍ പരിചയമുള്ള നെയ്മര്‍ അടക്കം ഉള്ളവര്‍ ഉള്ളപ്പോള്‍ എന്തിനാണ് യുവതാരത്തെ സമ്മര്‍ദ്ദ ഘട്ടത്തില്‍ ആദ്യ കിക്ക് എടുക്കാന്‍ നിയോഗിച്ചതെന്ന് ടിറ്റെയ്‌ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഇനിയാര്‍ക്കും സംശയം വേണ്ടാ! ഫിഫ റാങ്കിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

click me!