
ലണ്ടന്‍: ഫുട്ബോള്‍ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ട്രാൻസ്‌ഫർ മാർക്കറ്റിലെ സൂപ്പർ താരമായിരിക്കുകയാണ് അര്‍ജന്‍റീനയുടെ എൻസോ ഫെർണാണ്ടസ്. യൂറോപ്പിലെ വമ്പൻ ടീമുകളാണ് എൻസോയെ സ്വന്തമാക്കാൻ മത്സരിക്കുന്നത്.
ഖത്തർ ലോകകപ്പിന് മുൻപ് വെറും 18 ദശലക്ഷം യൂറോയായിരുന്നു എൻസോ ഫെർണാണ്ടസിന്‍റെ വിപണിമൂല്യം. അർജന്‍റീനയുടെ കിരീടവരൾച്ച അവസാനിപ്പിക്കാൻ നിർണായക പങ്കുവഹിച്ചതോടെ എൻസോയുടെ വിപണിമൂല്യം 120 ദശലക്ഷം യൂറോയായി ഉയർന്നു. ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും എൻസോ സ്വന്തമാക്കി. ലിയോണൽ മെസിക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ അർജന്‍റൈൻ താരവുമായി ഇരുപത്തിയൊന്നുകാരനായ എൻസോ. റയൽ മാഡ്രിഡ് 100 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്തെങ്കിലും പോർച്ചുഗൽ ക്ലബ് ബെൻഫിക്ക നിരസിച്ചു. 120 ദശലക്ഷം യൂറോയിൽ കുറഞ്ഞൊരു താരക്കൈമാറ്റം സാധ്യമല്ലെന്നും ബെൻഫിക്ക വ്യക്തമാക്കി.
പ്രീമിയർ ലീഗ് ക്ലബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരും എൻസോയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി ക്ലബുകളും എൻസോയുമായി ബന്ധപ്പെടുത്തി വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.
ഖത്തറില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വീഴ്‌ത്തിയാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ലോകകപ്പ് കരിയറില്‍ രണ്ടാം തവണയും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയപ്പോള്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടും അര്‍ജന്‍റീനന്‍ ഗോളി എമി മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗവും കരസ്ഥമാക്കി. മികച്ച യുവതാരം എന്‍സോ ഫെര്‍ണാണ്ടസായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ നിര്‍ണായക സേവുമായി അര്‍ജന്‍റീനയുടെ എമി മാര്‍ട്ടിനസ് ശ്രദ്ധ നേടി. ഫ്രാന്‍സിനായി ഹാട്രിക് നേടിയ കിലിയന്‍ എംബാപ്പെയുടെ ഒറ്റയാള്‍ പ്രകടത്തിന് ഫലമില്ലാണ്ടുപോയി.
ഇനിയും നിലയ്‌ക്കാത്ത ലൈക്ക് പ്രവാഹം; മെസിയുടെ വിഖ്യാത ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ആര്?