
ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ ജപ്പാനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. കസെമിറോ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടി. മത്സരത്തിന്റെ അവസാന നിമിഷം വരെ നീണ്ടുനിന്ന നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍, 95-ാം മിനിറ്റിലാണ് മാര്‍ട്ടിനെല്ലി ഗോള്‍ നേടിയത്. എന്നാല്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിയന്‍ നിരയില്‍ ഉണ്ടായിരുന്നില്ല. പകരക്കാനായും നെയ്മര്‍ കളത്തിലെത്തിയിരുന്നില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് കോച്ച് കാര്‍ലോ ആന്‍സലോട്ടി.
മത്സരം അധികസമയത്തേക്ക് നീളാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും, അത്തരം ഘട്ടത്തില്‍ നെയ്മറെ കളത്തിലിറക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹെയ്തിക്ക് എതിരായ ഗ്രൂപ്പ് മത്സരത്തില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ നെയ്മറെ, ജപ്പാനെതിരായ നിര്‍ണ്ണായക പോരാട്ടത്തില്‍ ആവശ്യമായി വന്നില്ല. 'മത്സരം സമനിലയില്‍ തുടരുകയാണെങ്കില്‍ നെയ്മറെ ഇറക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിരുന്നു, എന്നാല്‍ ഭാഗ്യവശാല്‍ നമുക്ക് അതിന്റെ ആവശ്യം വന്നില്ല.' ആന്‍സലോട്ടി മത്സരശേഷം പറഞ്ഞു.
തന്ത്രപരമായ മാറ്റം വഴിത്തിരിവായി
ആദ്യ പകുതിയില്‍ ജപ്പാന്റെ കരുത്തുറ്റ പ്രതിരോധം ബ്രസീലിനെ ഏറെ വലച്ചിരുന്നു. ജപ്പാന്റെ പ്രതിരോധം വളരെ ഒതുക്കമുള്ളതായിരുന്നുവെന്ന് ആന്‍സലോട്ടി സമ്മതിച്ചു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം തന്ത്രങ്ങള്‍ മാറ്റിയതാണ് ബ്രസീലിന് തുണയായത്. മൈതാനത്തിന്റെ ഇരുവശങ്ങളിലൂടെയുള്ള ആക്രമണം ശക്തമാക്കുകയും, ജപ്പാന്റെ പ്രതിരോധത്തെ വികസിപ്പിക്കുകയുമായിരുന്നു ബ്രസീലിന്റെ പുതിയ ശൈലി. ഈ തന്ത്രപരമായ മാറ്റം ക്രോസുകള്‍ നല്‍കാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും ബ്രസീലിനെ സഹായിച്ചു.
'ഇത് ഈ ലോകകപ്പിലെ നമ്മുടെ ഏറ്റവും സമ്പൂര്‍ണ്ണമായ പ്രകടനമായിരുന്നു.' ആന്‍സലോട്ടി അഭിപ്രായപ്പെട്ടു. പതറാതെ കളിക്കാന്‍ ഹാഫ് ടൈമില്‍ താന്‍ കളിക്കാരോട് നിര്‍ദ്ദേശിച്ചിരുന്നുവെന്നും, മത്സരത്തില്‍ ഉടനീളം ലക്ഷ്യബോധത്തോടെ നിലയുറപ്പിച്ചത് വിജയം സമ്മാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!