
ഹൂസ്റ്റൺ: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ ബ്രസീല്‍ ഏഷ്യൻ ശക്തികളായ ജപ്പാനെ നേരിടാനൊരുങ്ങുന്നത് കരുതലോടെ. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30ന് ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന് ഒരു 'വെർച്വൽ ഫൈനൽ' പോലെയായിരിക്കുമെന്ന് പരിശീലകൻ കാർലോ അഞ്ചലോട്ടി പറഞ്ഞു. ജപ്പാൻ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും അവരെ ഒട്ടും കുറച്ചുകാണുന്നില്ലെന്നും ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുൻ റയൽ മാഡ്രിഡ് പരിശീലകന്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ജപ്പാൻ. ഞങ്ങൾക്ക് അവരോട് ബഹുമാനമുണ്ട്. ഈ മത്സരം ഒരു ഫൈനൽ പോലെയായിരിക്കും. ഇന്ന് ലോകഫുട്ബോളിൽ തന്ത്രങ്ങളോ അച്ചടക്കമോ ഇല്ലാത്ത ടീമുകളില്ല. ചില ടീമുകൾക്ക് വ്യക്തിഗത മികവ് കുറവായിരിക്കാം, എന്നാൽ കൃത്യമായ പ്ലാനിംഗും കഠിനാധ്വാനവും എല്ലാവർക്കുമുണ്ട്. ഗ്രൗണ്ടിലെ വ്യക്തിഗത മികവ് മാത്രമാണ് ഇനി ടീമുകൾ തമ്മിലുള്ള വ്യത്യാസമെന്നും ആഞ്ചലോട്ടി പറഞ്ഞു. മത്സരത്തിൽ ബ്രസീൽ ഫേവറിറ്റുകളല്ലെന്നും അഞ്ചലോട്ടി പറഞ്ഞു. നോക്കൗട്ട് ഘട്ടത്തിൽ ഒരു ടീമും മറ്റൊന്നിനേക്കാൾ മുകളിലല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകകപ്പിൽ കടുത്ത സമ്മർദ്ദമുണ്ടെന്നും നിലവിൽ കിരീടം നേടാൻ ഏതെങ്കിലും ഒരു ടീമിന് മാത്രമായി സാധ്യത കൽപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂപ്പര്‍ താരം നെയ്മർ ജപ്പാനെതിരെ ഫസ്റ്റ് ഇലവനിലുണ്ടാകുമോ എന്ന ചോദ്യത്തിനും ആഞ്ചലോട്ടി മറുപടി നല്‍കി. പരിക്കില്‍ നിന്ന് മുക്തനായ നെയ്മറുടെ കായികക്ഷമതയില്‍ വലിയ പുരോഗതിയുണ്ട്. നിലവിൽ 15 മിനിറ്റിൽ കൂടുതൽ കളിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. മത്സരദിവസമായ ഇന്ന് മാത്രമായിരിക്കും അദ്ദേഹം ഫൈനൽ ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അഞ്ചലോട്ടി വ്യക്തമാക്കി. നെയ്മർ കൂടി തിരിച്ചെത്തുന്നതോടെ ജപ്പാനെതിരെയുള്ള പോരാട്ടം കടുക്കുമെന്നുറപ്പാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും കാഴ്ചവെച്ച മികച്ച അറ്റാക്കിങ് ഗെയിം ഈ പോരാട്ടത്തിന്‍റെ ആവേശം കൂട്ടുന്നുണ്ട്. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ അടിച്ചുകൂട്ടി ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലെത്തിയത്. അതേസമയം, ഹോളണ്ടിന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്ത ജപ്പാനും ഗ്രൂപ്പ് എഫിൽ ഏഴ് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ മിശ്രമായ പ്രകടനമായിരുന്നു ബ്രസീലിന്‍റേത്. മൊറോക്കോയോട് സമനില വഴങ്ങിയെങ്കിലും ഹെയ്തിയെയും സ്കോട്ട്‌ലൻഡിനെയും തകർത്തുവിട്ടാണ് കാനറികൾ എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!