അർജന്‍റീനയുമായുള്ള ചരിത്രപോരാട്ടത്തിന് മുൻപ് കേപ് വെർദെക്ക് ഇരുട്ടടി; നായകനെതിരെ ബലാത്സംഗക്കേസ്

Published : Jun 29, 2026, 12:34 PM IST
Ryan Mendes

Synopsis

കഴിഞ്ഞ മാർച്ച് 27 മുതൽ 30 വരെ ന്യൂസിലാൻഡിൽ നടന്ന ഫിഫ ഫ്രണ്ട്ലി സീരീസിനിടെയാണ് സംഭവം. ടൂർണമെന്‍റിൽ കേപ് വെർദെ ടീമിന്‍റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് മെൻഡെസിനെതിരെ പരാതി നൽകിയത്.

മിയാമി: ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെർദെ ടീമിനെ പിടിച്ചുലച്ച് വൻ വിവാദം. നോക്കൗട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ നേരിടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേപ് വെർദെ നായകനും ഫോർവേഡുമായ റയാൻ മെൻഡെസിനെതിരെ ബലാത്സംഗക്കേസിൽ അന്വേഷണം ആരംഭിച്ചു. ന്യൂസിലാൻഡിൽ വെച്ച് നടന്ന സംഭവത്തിൽ ഒരു ബ്രസീലിയൻ യുവതി നൽകിയ പരാതിയിലാണ് 36-കാരനായ ക്യാപ്റ്റനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതർ നീങ്ങുന്നത്.

ബ്രസീലിയൻ വാർത്താ മാധ്യമമായ 'ഗ്ലോബോ' പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മാർച്ച് 27 മുതൽ 30 വരെ ന്യൂസിലാൻഡിൽ നടന്ന ഫിഫ ഫ്രണ്ട്ലി സീരീസിനിടെയാണ് സംഭവം. ടൂർണമെന്‍റിൽ കേപ് വെർദെ ടീമിന്‍റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയാണ് മെൻഡെസിനെതിരെ പരാതി നൽകിയത്. ഓക്‌ലൻഡിലെ ടീം ഹോട്ടലിൽ വെച്ച് മെൻഡെസ് തന്‍റെ മുറിയിൽ അതിക്രമിച്ചു കയറി ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി.

സംഭവത്തിന് പിന്നാലെ യുവതി ന്യൂസിലൻഡ് പൊലീസിൽ പരാതി നൽകുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാകുകയും ചെയ്തു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് കേപ് വെർദെ ഫുട്ബോൾ അസോസിയേഷനിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ അന്ന് തന്നെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.

പ്രതികരിച്ച് ഫിഫ

ഇത്തരം കടുത്ത അച്ചടക്കലംഘനങ്ങളെയും അതിക്രമങ്ങളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഫിഫ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ന്യൂസിലൻഡ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാൽ നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ഫിഫ വ്യക്തമാക്കി. ആഫ്രിക്കൻ തീരത്തോട് ചേർന്നുകിടക്കുന്ന 10 അഗ്നിപർവ്വത ദ്വീപുകളുടെ കൂട്ടായ്മയായ കേപ് വെർദെ, ഇത്തവണത്തെ 48 ടീമുകളായി വിപുലീകരിച്ച ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായിരുന്നു. മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗ്രൂപ്പ് എച്ചിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കേപ് വെര്‍ദെ നോക്കൗട്ട് ടിക്കറ്റ് എടുത്തത്. ലോകകപ്പ് നോക്കൗട്ടിൽ എത്തുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡും കേപ് വെർദെ ഇതോടെ സ്വന്തമാക്കി.

ദേശീയ ജേഴ്‌സിയിൽ 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് 22 ഗോളുകൾ നേടിയിട്ടുള്ള റയാൻ മെൻഡെസ് ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ടീമിന്‍റെ ജീവനാഡിയായി കളത്തിലുണ്ടായിരുന്നു. ഫ്രാൻസിലും യു.എ.ഇയിലുമായി ഭൂരിഭാഗം കരിയറും ചെലവഴിച്ച മെൻഡെസ് നിലവിൽ തുർക്കിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഇഗ്ദിറിന് വേണ്ടിയാണ് കളിക്കുന്നത്. വെള്ളിയാഴ്ച മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് കേപ് വെർദെയും അർജന്‍റീനയും തമ്മിലുള്ള റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടം നടക്കുന്നത്. ലിയോണൽ മെസിയെയും സംഘത്തെയും നേരിടാൻ രാജ്യം മുഴുവൻ ഒരുങ്ങുമ്പോൾ, മൈതാനത്തിന് പുറത്ത് നായകനെതിരെ ഉയർന്നിരിക്കുന്ന കടുത്ത ലൈംഗികാരോപണം 'ബ്ലൂ ഷാർക്സ്' എന്ന് വിളിക്കപ്പെടുന്ന കേപ് വെർദെ ടീമിന്‍റെ ആത്മവിശ്വാസത്തെ തകര്‍ക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മെസി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചവൻ, എംബാപെയുടെ കളിശൈലി എന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്നു..'; പ്രശംസകളുമായി റൊണാൾഡോ നസാരിയോ
പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി കാനഡ; സൗത്ത് ആഫ്രിക്കയെ തകർത്തത് അവസാന നിമിഷം പിറന്ന ഗോളിൽ