കൊവിഡ്: ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന് വേദിയാവാൻ വെംബ്ലിയും ലിസ്ബണും

By Web TeamFirst Published May 11, 2021, 10:14 AM IST
Highlights

വെംബ്ലിക്ക് പുറമെ പോർച്ചു​ഗൽ തലസ്ഥാനമായ ലിസ്ബണും യുവേഫയുടെ  സജീവ പരി​ഗണനയിലുണ്ട്. പോർച്ചു​ഗൽ ബ്രിട്ടനിലേക്ക് യാത്രവിലക്കുള്ള രാജ്യമല്ലാത്തതിനാലും നിഷ്പക്ഷ വേദിയെന്ന നിലയിലുമാണ് ലിസ്ബണും യുവേഫ ഫൈനലിന് വേദിയായി പരി​ഗണിക്കുന്നത്.

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലോ പോർച്ചു​ഗൽ തലസ്ഥാനമായ ലിസ്ബണിലോ നടത്താൻ ആലോചന. യുവേഫ അധികൃതരും ബ്രിട്ടീഷ് സർകാർ പ്രതിനിധികളും മൽസരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചർച്ച നടത്തി. പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഈ മാസം 29 ന് തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ ആണ് ഫൈനൽ നിശ്ചയിച്ചിരുന്നത്.

തുർക്കിയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആണ് വേദി മാറ്റാൻ യുവേഫ ആലോചിക്കുന്നത്. ഇംഗ്ലണ്ടിലേക്ക് യാത്ര വിലക്കുള്ള രാജ്യമാണ് നിലവിൽ തുർക്കി. അടുത്ത ശനിയാഴ്ച എഫ് എ കപ്പ് ഫൈനൽ വെംബ്ലി സ്റ്റേഡിയത്തിൽ വച്ച് 20,000 കാണികളെ പങ്കെടുപ്പിച്ച് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് ചാമ്പ്യൻസ് ലീഗ് ഫൈനലും മാറ്റാൻ ആലോചിക്കുന്നത്.

അതേസമയം, വെംബ്ലിക്ക് പുറമെ പോർച്ചു​ഗൽ തലസ്ഥാനമായ ലിസ്ബണും യുവേഫയുടെ  സജീവ പരി​ഗണനയിലുണ്ട്. പോർച്ചു​ഗൽ ബ്രിട്ടനിലേക്ക് യാത്രവിലക്കുള്ള രാജ്യമല്ലാത്തതിനാലും നിഷ്പക്ഷ വേദിയെന്ന നിലയിലുമാണ് ലിസ്ബണും യുവേഫ ഫൈനലിന് വേദിയായി പരി​ഗണിക്കുന്നത്. മത്സരം കാണാനെത്തുന്നവർക്ക് ക്വാറന്റീനിൽ കഴിയേണ്ട എന്നതും ലിസ്ബൺ പരി​ഗണിക്കാനുള്ള കാരണമാണ്. വെംബ്ലിയിൽ ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ നടക്കേണ്ട 29ന് ഇം​ഗ്ലീഷ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നുണ്ടെന്നതും ലിസ്ബണെ പരി​ഗണിക്കാനുള്ള കാരണമാണ്.

ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന് വേദിയൊരുക്കാൻ അവസരം ലഭിക്കുന്നത് അഭിമാനമാണെന്നും കാണികളില്ലാതെ ഫൈനൽ നടത്തുന്നത് നാണക്കേടാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഫൈനലിലേക്ക് 25000 കാണികളെ പ്രവേശിപ്പിക്കാമെന്നാണ് യുവേഫയുടെ കണക്കുകൂട്ടൽ. എന്നാൽ വെംബ്ലിയാണ് വേദിയാവുന്നതെങ്കിൽ 10000 കാണികളെ മാത്രമെ അനുവദിക്കാനാവു എന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!