റയല്‍, ബയേണ്‍, സിറ്റി, യുവന്‍റസ്... ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും വമ്പന്‍മാര്‍ കളത്തില്‍

By Web TeamFirst Published Nov 6, 2019, 11:16 AM IST
Highlights

ഗ്രൂപ്പ് എയിൽ നിലമെച്ചപ്പെടുത്താൻ ഇറങ്ങുന്ന റയൽ മാഡ്രിഡിന് തുർക്കി ക്ലബ് ഗലാറ്റസരേയ്‌ക്ക് എതിരെ ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ നാലാം റൗണ്ടിൽ ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, യുവന്‍റസ് ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും.

ഗ്രൂപ്പ് എയിൽ നിലമെച്ചപ്പെടുത്താൻ ഇറങ്ങുന്ന റയൽ മാഡ്രിഡിന് തുർക്കി ക്ലബ് ഗലാറ്റസരേയ്‌ക്ക് എതിരെ ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. മൂന്ന് കളി കഴിഞ്ഞപ്പോൾ നാല് പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്താണ് സിനദിൻ സിദാന്‍റെ റയൽ. തുർക്കി ക്ലബിനെതിരെ എവേ മത്സരത്തിലെ ഒരുഗോൾ ജയം വലിയ മാർജിനിലേക്ക് മാറ്റാം എന്ന പ്രതീക്ഷയിലാണ് മുൻ ചാമ്പ്യൻമാർ. പരുക്കേറ്റ അസെൻസിയോയും നാച്ചോയും റയൽ നിരയിൽ ഉണ്ടാവില്ല. മാർസലോ തിരിച്ചെത്തുമ്പോൾ മുന്നേറ്റത്തിൽ ബെൻസേമ, ഹസാർഡ്, റോഡ്രിഗോ കൂട്ടുകെട്ടായിരിക്കും എത്തുക. 

ഗ്രൂപ്പിലെ മൂന്ന് കളിയും ജയിച്ച് നിലഭദ്രമാക്കിയ പിഎസ്‌‌‌‌ജി, ക്ലബ് ബ്രൂഗെയുമായി ഏറ്റുമുട്ടും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ പിഎസ്ജി എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാഡോയുടെ യുവന്‍റസ്, ലോകോമോട്ടീവ് മോസ്‌കോയെ നേരിടും. ഹോംഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ജയം യുവന്‍റസിനൊപ്പമായിരുന്നു. 

ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് അറ്റലാന്‍റയാണ് എതിരാളി. മൂന്ന് കളിയും ജയിച്ച സിറ്റി ഒൻപതുപോയിന്‍റുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ്. ഡേവിഡ് സിൽവ, ലിറോയ് സാനെ എന്നിവരുടെ പരുക്ക് സിറ്റിക്ക് തിരിച്ചടിയാവും. ഹോം മത്സരത്തിൽ സിറ്റി ഒന്നിനെതിരെ അ‍ഞ്ച് ഗോളിന് ജയിച്ചിരുന്നു. 

മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് ഹോം ഗ്രൗണ്ടിൽ ഒളിംപിയാക്കോസാണ് എതിരാളികൾ. കോച്ച് നിക്കോ കൊവാച് പുറത്താക്കപ്പെട്ടതിനാൽ താൽക്കാലിക കോച്ച് ഹാൻസി ഫ്ലിക്കിന്‍റെ തന്ത്രങ്ങളുമായാണ് ബയേൺ ഇറങ്ങുക. ഒൻപത് പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതുള്ള ജർമ്മൻ ചാമ്പ്യൻമാർ എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ഒളിംപിയാക്കോസിനെ തോൽപിച്ചിരുന്നു. 

click me!