
ലിവര്‍പൂള്‍: യുവേഫ ചാംപ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിനെതിരെ റയൽ മാഡ്രിഡിന് വമ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് നിലവിലെ ചാമ്പ്യൻമാരായ റയലിന്‍റെ ജയം. നാലാം മിനിറ്റിൽ നുനെസും, 14-ാം മിനിറ്റിൽ മുഹമ്മദ് സലായും നേടിയ ഗോളുകളിലൂടെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ലിവർപൂൾ തോൽവി ഏറ്റുവാങ്ങിയത്.
21-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെ ഒരു ഗോള്‍ മടക്കിയ റയല്‍ 36-ാം മിനിറ്റില്‍ വിനീഷ്യസിന്‍റെ രണ്ടാം ഗോളിലൂടെ സമനില പിടിച്ചു. ആദ്യ പകുതിയില്‍ 2-2 സമനിലയില്‍ പിരിഞ്ഞശേഷമായിരുന്നു റയലിന്‍റെ ഗോള്‍വേട്ട. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എയ്ര്‍ മിലിറ്റാവോയുടെ ഗോളിലൂടെ റയല്‍ ലീഡെടുത്തു.
55-ാം മിനിറ്റില്‍ കരീം ബെന്‍സേമ റയലിന്‍റെ ലീഡുയര്‍ത്തി. 67ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് ബെന്‍സേമ സ്വന്തം മൈതാനത്ത് ലിവര്‍പൂളിന്‍റെ തിരിച്ചുവരവ് അസാധ്യമാക്കി. പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗിലൂടെ പിടിച്ചു നില്‍ക്കാമെന്ന മോഹങ്ങള്‍ കൂടിയാണ് റയല്‍ സ്വന്തം മൈതാനത്ത് കലക്കി കളഞ്ഞത്.
ലോറസ് അവാർഡ് മെസിക്കല്ലാതെ മറ്റാര്‍ക്ക്; പറയുന്നത് മറ്റൊരു ഫൈനലിസ്റ്റ് റാഫേൽ നദാൽ
കഴിഞ്ഞ അഞ്ച് ചാമ്പ്യന്‍സ് ലീഗുകളില്‍ മൂന്നിലും ഫൈനലിലെത്താന്‍ ലിവര്‍പൂളിനായിരുന്നു. എന്നാല്‍ ഇത്തവണ പ്രീ ക്വാര്‍ട്ടറിലെ രണ്ടാം പാദത്തില്‍ റയലിന്‍റെ മൈതാനമായ സാന്‍റിയായോ ബെര്‍ണാബ്യൂവില്‍ ഒരു തിരിച്ചുവരവിനുള്ള അവസരം പോലും നിഷേധിച്ചാണ് റയല്‍ ആന്‍ഫീല്‍ഡില്‍ വമ്പന്‍ ജം നേടിയത്.
രണ്ടാം പാദത്തില്‍ നാലു ഗോള്‍ ലീഡിലെങ്കിലും ജയിച്ചാല്‍ മാത്രമെ ഇനി ലിവര്‍പൂളിന് ക്വാര്‍ട്ടര്‍ പ്രതീക്ഷവെക്കാനാവു. നിലവിലെ ഫോമില്‍ ലിവര്‍പൂളിന്‍റെ കടുത്ത ആരാധകര്‍ പോലും അത് പ്രതീക്ഷിക്കുന്നില്ല. മറ്റൊരു മത്സരത്തിൽ നാപ്പോളി, എതിരില്ലാത്ത രണ്ട് ഗോളിന് ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചു. 40, 65 മിനിറ്റുകളിലായിരുന്നു ഗോളുകൾ. വിക്ടർ ഒസിംഹൻ 40 ജിയോവനി ഡി ലോറെൻസോ 65 എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!