
ചെല്‍സി: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ (Russia invasion of Ukraine) പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ക്ലബ് ചെല്‍സി(Chelsea FC)യുടെ ഉടമയും റഷ്യന്‍ കോടീശ്വരനുമായ റൊമാൻ അബ്രമോവിച്ചിന്‍റെ (Roman Abramovich) മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. അബ്രമോവിച്ചിന് ബ്രിട്ടിനിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ബ്രിട്ടീഷ് പൗരന്‍മാരുമായി ഇടപാടുകളോ വ്യാപാരമോ നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കി. അബ്രമോവിച്ചിന് പുറമെ റഷ്യന്‍ കോടീശ്വരന്‍മാരായാ ഒലേഗ് ഡെറിപാസ്കാ, റോസ്നെഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇഗോര്‍ സെച്ചിന്‍ എന്നിവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെല്‍സി വില്‍ക്കാന്‍ തയാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ക്ലബ്ബ് വിറ്റതിനുശേഷം ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തി യാത്ര പറയുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെല്‍സിയെ സ്വന്തമാക്കാന്‍ സ്വിസ് വ്യവസായ ഭീമന്‍മാരായ ഹന്‍സോര്‍ഗ് വൈസ് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ക്ലബ്ബ് വിറ്റാലും അബ്രമോവിച്ചിന് ബ്രിട്ടിനില്‍ എത്താനാവില്ല. വിലക്ക് മുന്നില്‍ കണ്ട് ഇംഗ്ലണ്ടിലെ തന്‍റെ വില്ലകള്‍ വില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു അബ്രമോവിച്ച്.
റഷ്യൻ ഭരണകൂടവുമായും പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്എണ്ണ വ്യവസായിയായ അബ്രമോവിച്ച് 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസി ഫുട്ബോള്‍ ക്ലബിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിന് ശേഷം പ്രീമിയർ ലീഗിലും എഫ് എ കപ്പിലും അഞ്ച് തവണയും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും രണ്ട് വട്ടവും ചെൽസി ചാമ്പ്യൻമാരായി. റഷ്യൻ പാർലമെന്‍റിലെ അംഗമായിരുന്ന അബ്രമോവിച്ച് എട്ട് വർഷം പ്രവിശ്യ ഗവർണറുമായിരുന്നു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യൻ കോടീശ്വരൻമാർക്കും ബാങ്കുകൾക്കും ബ്രിട്ടന്‍ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമായിരുന്നു. ചെൽസി ഉടമയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടമെന്ന് ലേബർ പാർട്ടി എംപി ക്രിസ് ബ്രയന്‍റ് പാർലമെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അബ്രമോവിച്ച് ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറിയത്. നിലവില്‍ 26 മത്സരങ്ങളില്‍ 53 പോയന്‍റുമായി പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും(69 പോയന്‍റ്), ലിവര്‍പൂളിനും(63 പോയന്‍റ്) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ചെല്‍സി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!