
മാഡ്രിഡ്: സൂപ്പര്‍ നിരയുമായെത്തിയ പിഎസ്ജി (PSG) യുവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് (Real Madrdid) ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ ജയമാണ് റയല്‍ സ്വന്തമാക്കിയത്. ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് ലിയോണല്‍ മെസിയും സംഘവും തോല്‍വി വഴങ്ങിയത്.
34-ാം മിനിറ്റില്‍ കെയ്‌ലിയന്‍ എംബാപ്പെ പിഎസ്ജിക്കായി ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം എംബാപ്പെയിലൂടെ തന്നെ പിഎസ്ജി ലീഡ് നേടി. നെയ്മറായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി ഇതേ നിലയില്‍ അവസാനിച്ചു. രണ്ടാംപാതിയില്‍ ഒരിക്കല്‍കൂടെ എംബാപ്പെയുടെ ഗോള്‍ ഓഫ്‌സൈഡായി. എന്നാല്‍ 60-ാം മിനിറ്റില്‍ റയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോള്‍കീപ്പര്‍ ഡോണരമയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബെന്‍സേമയുടെ ആദ്യ ഗോള്‍.
76-ാം മിനിറ്റില്‍ വീണ്ടും ബെന്‍സേമ. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് ലൂക്കാ മോഡ്രിച്ച്. ഫ്രഞ്ച് താരത്തിന് മൂന്നാം ഗോള്‍ നേടാനും അധികസമയം വേണ്ടിവന്നില്ല. രണ്ട് മിനിറ്റുകള്‍ക്കകം തന്നെ ബെന്‍സേമ റയലിനെ മുന്നിലെത്തിച്ചു. റയലിന്റെ ആക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ പിഎസ്ജിക്ക് പിന്നീട് കെല്‍പ്പുണ്ടായിരുന്നില്ല. റയല്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറില്‍ കടന്നു. സ്‌പോര്‍ടിംഗ് ലിസ്ബണുമായുള്ള രണ്ടാംപാദ മത്സരം ഗോള്‍രഹിതമായി. ആദ്യ പാദത്തില്‍ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളിന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!