സൂപ്പര്‍ സബ്ബായി കെപയുടെ തകര്‍പ്പന്‍ പ്രകടനം; വിയ്യാറയല്‍ തലകുനിച്ചു, സൂപ്പര്‍ കപ്പ് ചെല്‍സിക്ക്

By Web TeamFirst Published Aug 12, 2021, 8:56 AM IST
Highlights

നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചു. ഹകിം സിയേച്ച് ചെല്‍സിക്കായും ജെറാര്‍ഡ് മൊറേനൊ വിയ്യാറയലിനുമായ ഗോള്‍ നേടി.
 

ബെല്‍ഫാസ്റ്റ്: ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിയുടെ പുതിയ സീസണ് കിരീടനേട്ടത്തോടെ തുടക്കം. സൂപ്പര്‍ കപ്പ് ഫൈനലില്‍ സ്പാനിഷ് ടീം വിയ്യാറയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ചെല്‍സി മറികടന്നത്. ചാപ്യന്‍സ് ലീഗ് ജേതാക്കാളും യൂറോപ്പ ലീഗ് ജേതാക്കളും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചു. ഹകിം സിയേച്ച് ചെല്‍സിക്കായും ജെറാര്‍ഡ് മൊറേനൊ വിയ്യാറയലിനുമായ ഗോള്‍ നേടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സൂപ്പര്‍ സബ്ബായി എത്തിയ ഗോള്‍ കീപ്പര്‍ കെപ അരിസബലാഗയുടെ പ്രകടനമാണ് ചെല്‍സിക്ക് കിരീടം സമ്മാനിച്ചു. രണ്ട് പെനാല്‍റ്റി കിക്കുകള്‍ താരം സ്പാനിഷ് ഗോള്‍ കീപ്പര്‍ തടുത്തിട്ടു.

27-ാം മിനിറ്റിലാണ് ചെല്‍സി മത്സരത്തില്‍ ലീഡെടുക്കുന്നത്. കയ് ഹാവെര്‍ട്‌സിന്റെ പാസില്‍ സിയേച്ച് ഗോള്‍ നേടി. രണ്ടാം പാതിയില്‍ വിയ്യാറയല്‍ കൂടുതല്‍ ഊര്‍ജസ്വലത കാണിച്ചു. അവരുടെ രണ്ട് ശ്രമങ്ങള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍ 71-ാം മിനിറ്റില്‍ അവര്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചു. ബൗലായെ ഡിയയുടെ പാസില്‍ മൊറേനൊ ഗോള്‍ നേടി. ഇതോടെ മത്സരം അധികസമയത്തേക്ക്. എന്നാല്‍ ഗോള്‍ നിലയില്‍ വ്യത്യാസമൊന്നുമുണ്ടായില്ല. പിന്നീടാണ് വിജയികളെ നിശ്ചയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഇതിനിടെ അധിക സമയത്ത് ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയെ പിന്‍വലിച്ച് കെപയ്ക്ക് അവസരം നല്‍കിയിരുന്നു.

ചെല്‍സിക്കായി ആദ്യ കിക്കെടുത്ത ഹാവെര്‍ട്‌സിന് പിഴച്ചു. താരത്തിന്റെ കിക്ക് വിയ്യാറയല്‍ കീപ്പര്‍ സെര്‍ജിയോ അസെഞ്ചോ തടുത്തിട്ടു. എന്നാല്‍ മൊറേനൊയ്ക്ക് ശേഷം വിയ്യാറയലിന്റെ കിക്കെടുത്ത ഐസ മാന്‍ഡിയെ തടഞ്ഞിട്ട് കെപ ചെല്‍സിയെ ഒപ്പമെത്തിച്ചു. അസ്പിലിക്വേറ്റ, മാര്‍കോസ് അലോണ്‍സോ, മേസണ്‍ മൗണ്ട്, ജോര്‍ജിനോ എന്നിവര്‍ പിന്നീട് ചെല്‍സിക്കായി ലക്ഷ്യം കണ്ടു. പെര്‍വിസ് എസ്തുപിനന്‍, മൊയ് ഗോമസ്, ഡാനി റബ എന്നിവര്‍ വിയ്യാറയലിനായും വലകുലുക്കി. 

മത്സരം സഡന്‍ ഡെത്തിലേക്ക്. ചെല്‍സിക്കായി പുലിസിച്ച് ലക്ഷ്യം കണ്ടു. യുവാന്‍ ഫോയ്ത്തിലൂടെ വിയ്യാറയലിന്റെ മറുപടി. അടുത്തതായി റുഡിഗറും ചെല്‍സിക്കായി വലകുലുക്കി. എന്നാല്‍ റൗള്‍ ആല്‍ബിയോളിന്റെ കിക്ക് തടഞ്ഞിട്ട് കെപ ചെല്‍സിക്ക് കിരീടം സമ്മാനിച്ചു.

click me!