Latest Videos

കളിക്കാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പമെന്ന് മെസി

By Web TeamFirst Published Aug 11, 2021, 5:16 PM IST
Highlights

നെയ്മറിന് എന്നെയും എനിക്ക് നെയ്മറെയും അടുത്തറിയാം. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം കരുത്തുറ്റൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് പ്രതീക്ഷ-

പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍താരം ലിയോണല്‍ മെസി. പാരീസില്‍ എത്തിയ നിമിഷം മുതല്‍ ആസ്വദിക്കുകയാണ്. ആരാധകരുടെ സ്‌നേഹം കാണുമ്പോള്‍ വലിയ സന്തോഷം. ക്ലബിലുള്ളത് ലോകത്തെ മികച്ച താരങ്ങളാണ്. നെയ്‌മര്‍ക്കൊപ്പമുള്ള കൂട്ടുകെട്ട് കരുത്ത് വര്‍ധിപ്പിക്കുമെന്നും പിഎസ്‌ജിയില്‍ താരത്തെ അവതരിപ്പിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍  മെസി പറഞ്ഞു.

നെയ്മറിന് എന്നെയും എനിക്ക് നെയ്മറെയും അടുത്തറിയാം. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം കരുത്തുറ്റൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് പ്രതീക്ഷ-മെസി പറഞ്ഞു.  പി എസ് ജിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ സഹായിക്കുകയാണ് തന്‍റെ ലക്ഷ്യങ്ങളിലൊന്ന്. വീണ്ടും കിരീടങ്ങള്‍ നേടുന്നതാണ് ഞാന്‍ സ്വപ്നം കാണുന്നത്. പാരീസ് ആണ് അതിന് ഏറ്റവും മികച്ച സ്ഥലം.

ബാഴ്സയില്‍ നിന്ന് പുറപ്പെടും മുമ്പെ എന്നെ വരവേല്‍ക്കാനായി നിരത്തുകളില്‍ തന്നെ കാത്തു നിന്ന ആരാധകരോട് നന്ദിയുണ്ടെന്നും മെസി പറഞ്ഞു. ബാഴ്‌സയില്‍ മുമ്പ് സഹതാരമായിരുന്ന നെയ്‌മര്‍ക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിനും ഭാവി താരമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് യുവ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്കുമൊപ്പമുള്ള കൂടിച്ചേരലിനുമാണ് മെസി തയ്യാറെടുക്കുന്നത്.

രണ്ടു വര്‍ഷത്തേക്കാണ് മെസിയുമായി പി എസ് ജി കരാറിലെത്തിയിരിക്കുന്നത്. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്.

കണ്ണീര്‍ക്കടലില്‍ ബാഴ്സയോട് ബൈ പറഞ്ഞ് മെസി

ലിയോണല്‍ മെസിയും ബാഴ്‌സലോണയും നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിലാണ് വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു.

ബാഴ്‌സയിലെ വിടവാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടിക്കരഞ്ഞു ലിയോണല്‍ മെസി. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. ബാഴ്‌സലോണയോടുള്ള ആത്മബന്ധം വ്യക്തമാക്കി വൈകാരികമായിരുന്നു മെസിയുടെ ഓരോ വാക്കുകളും. 'കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു' എന്നും വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!