ചെന്നൈയിന്‍ ഇന്ന് ആദ്യ ഐഎസ്എല്‍ പോരിന്; ജംഷഡുപൂര്‍ എഫ്‌സി മറുവശത്ത്

By Web TeamFirst Published Nov 24, 2020, 10:48 AM IST
Highlights

ഏഴാം സീസണില്‍ ആദ്യ പോരിനിറങ്ങുന്‌പോള്‍ ജംഷെഡ്പൂരിന് തന്ത്രമോതുന്നത് ചെന്നൈയിന്റെ കോച്ചായിരുന്ന ഓവന്‍ കോയല്‍.

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി ഇന്ന് ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. ഏഴാം സീസണില്‍ ആദ്യ പോരിനിറങ്ങുന്‌പോള്‍ ജംഷെഡ്പൂരിന് തന്ത്രമോതുന്നത് ചെന്നൈയിന്റെ കോച്ചായിരുന്ന ഓവന്‍ കോയല്‍. ചെന്നൈയിന്റെ ഗോള്‍വേട്ടക്കാരനായിരുന്ന ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ വാല്‍സ്‌കിസിനെയും ഒപ്പംകൂട്ടിയാണ് ഓവന്‍ കൂടുമാറിയത്. 

ഗോവയില്‍ നിറഞ്ഞുകളിച്ച ജാക്കിചന്ദ് സിംഗും ഇക്കുറി ജംഷെഡ്പൂരിനൊപ്പം. പ്രതിരോധത്തിന്റെ ചുമതല ക്യാപ്റ്റന്‍ പീറ്റര്‍ ഹാര്‍ട്ട്‌ലിക്കും സ്റ്റീഫന്‍ എസെയ്ക്കുമാണ്. മധ്യനിരയില്‍ യുവതാരം അമര്‍ജിത് സിംഗ് കിയാം. ഗോള്‍ വലയത്തിന് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നെത്തിയ ടി പി രഹനേഷുമുണ്ട്. ഹങ്കേറിയന്‍ കോച്ച് സാവ ലാസ്‌ലോയുടെ തന്ത്രങ്ങളുമായാണ് ചെന്നൈയിന്റെ വരവ്. 

ക്യാപ്റ്റന്‍ റാഫേല്‍ ക്രിവെല്ലാരോയും എല്‍ സാബിയയും അനിരുദ്ധ് ഥാപ്പയും ഒഴികെ മിക്കവരും പുതിയ താരങ്ങള്‍. സ്ലോവാക്യന്‍ സ്‌ട്രൈക്കര്‍ യാകൂബ് സില്‍വസ്റ്റര്‍, ബോസ്‌നിയന്‍ ഡിഫന്‍ഡര്‍ എനെസ് സിപോവിച് എന്നിവടക്കം അഞ്ച് വിദേശതാരങ്ങളെയാണ് ചെന്നൈയിന്‍ ടീമിലെത്തിച്ചിരിക്കുന്നത്. ഇരുടീമും ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ചെന്നൈയിന്‍ രണ്ടിലും ജംഷെഡ്പൂര്‍ ഒരുകളിയിലും ജയിച്ചു. മൂന്ന് മത്സരം സമനിലയില്‍ അവസാനിച്ചു.

click me!