AFC Asian Cup 2022 : 'ശക്തരായി തിരിച്ചുവരൂ'; ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് ഓസീസ് താരത്തിന്റെ പിന്തുണ

By Web TeamFirst Published Jan 27, 2022, 2:17 PM IST
Highlights

ചൈനീസ് തായ്‌പേയിക്കെതിരായ മത്സരത്തില്‍ നിന്നാണ് ഇന്ത്യന്‍ ടീം പിന്മാറിയത്. ഗ്രൂപ്പില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് സെമിയിലെത്തിയാല്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമായിരുന്നു.

മുംബൈ: ടീമിലെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ കപ്പ് വനിതാ ഫുട്്‌ബോള്‍ ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ പിന്മാറിയിരുന്നു. ചൈനീസ് തായ്‌പേയിക്കെതിരായ മത്സരത്തില്‍ നിന്നാണ് ഇന്ത്യന്‍ ടീം പിന്മാറിയത്. ഗ്രൂപ്പില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് സെമിയിലെത്തിയാല്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമായിരുന്നു.

ലോകകപ്പ് സ്വപ്നം കൊവിഡില്‍ തട്ടിത്തകര്‍ന്ന ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോളര്‍ സാം കെര്‍. ഓസ്‌ട്രേലിയന്‍ താരമായ കെര്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ്. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്ത വീഡിയോയിലാണ് കെര്‍ സംസാരിക്കുന്നത്. 

അവരുടെ വാക്കുകളിങ്ങനെ.. ''നിങ്ങള്‍ കടന്നുപോകുന്ന അവസ്ഥ ഞാന്‍ മനസിലാക്കുന്നു. നിങ്ങളെയോര്‍ത്ത് എനിക്കും വിഷമമുണ്ട്. ടൂര്‍ണമെന്റിന് വേണ്ടി നിങ്ങള്‍ നടത്തിയ ഒരുക്കങ്ങനെ കുറിച്ചെല്ലാം എനിക്കറിയാം. അതിലൂടെ ലഭിച്ച ഊര്‍ജ്ജം ഉപയോഗപ്പെടുത്തൂ. ശക്തരായി തിരിച്ചുവരൂ.'' കെര്‍ പറഞ്ഞു.

എ എഫ് സി കപ്പിലെ രണ്ട് കളിയില്‍ ആറ് ഗോള്‍ നേടിയ കെര്‍ ഇക്കഴിഞ്ഞ ഫിഫ ദി ബെസ്റ്റ് ഫൈനലിസ്റ്റായിരുന്നു. അമേരിക്കന്‍ ലീഗിലെയും ഓസ്‌ട്രേലിയന്‍ ലീഗിലെയും ടോപ് സ്‌കോററായിരുന്ന കെര്‍ ഇപ്പോള്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ താരമാണ്.

ആദ്യ മത്സരത്തില്‍ ഇറാനെതിരെ അപ്രതീക്ഷിത സമനനില വഴങ്ങിയതോടെ ഇന്ത്യക്ക് ചൈനീസ് തായ്പേയിക്കെതിരായ മത്സരം ജീവന്‍മരണപ്പോരാട്ടമായിരുന്നു.

click me!