
ദോഹ: അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ കലാശ പോരാട്ടത്തിനൊടുവിലാണ് അർജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് മെസിയും കൂട്ടരും കിരീടം കൊത്തിപ്പറന്നത്. മത്സരത്തിൽ രണ്ട് ഗോളുകളാണ് ലിയോണൽ മെസി സ്വന്തമാക്കിയത്. ഏയ്ഞ്ചൽ ഡി മരിയയെ വീഴ്ത്തിയതിന് ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിച്ചു.
പിന്നീട് എക്സ്ട്രാ ടൈമിൽ അർജന്റീനയെ മുന്നലെത്തിച്ച ഗോൾ നേടിയതും അർജന്റൈൻ നായകൻ തന്നെയായിരുന്നു. ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലിൽ നിന്ന് ലഭിച്ച പന്ത് മെസി ഗോൾ വര കടത്തുകയായിരുന്നു. താരം ഓഫ്സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാർ പരിശോധനയിൽ അല്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ, ഈ ഗോളിനെ ചൊല്ലിയുടെ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ലിയോണൽ മെസിയുടെ ആ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. അർജന്റീന നായകൻ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.
ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ഫ്രഞ്ച് മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിന് വലിയ വാർത്താ പ്രാധാന്യം നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഗോളിനും അർജന്റീന വിജയത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4- 2 എന്ന സ്കോറിനാണ് ലാറ്റിനമേരിക്കൻ ശക്തികൾ ജയിച്ച് കയറിയത്.
കലിപ്പ് തീരണില്ലല്ലോ! എംബാപ്പെയെ വിടാതെ എമി; ആഘോഷിക്കുമ്പോഴും ഫ്രഞ്ച് താരത്തിന് പരിഹാസം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!