കടംവീട്ടാന്‍ ബാഴ്‌സ; കിംഗ്സ് കപ്പില്‍ സെവിയക്കെതിരായ രണ്ടാംപാദ സെമി ഇന്ന്

By Web TeamFirst Published Mar 3, 2021, 9:32 AM IST
Highlights

ആദ്യപാദത്തിൽ വഴങ്ങിയ ഈ രണ്ടുഗോൾ കടവുമായാണ് ബാഴ്സലോണ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. 

കാംപ് നൗ: സ്‌പാനിഷ് കിംഗ്സ് കപ്പ് ഫുട്ബോളിൽ ഫൈനൽ ലക്ഷ്യമിട്ട് ബാഴ്സലോണ ഇന്നിറങ്ങും. രണ്ടാംപാദ സെമി ഫൈനലിൽ സെവിയയാണ് എതിരാളികൾ. രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക.

ആദ്യപാദത്തിൽ വഴങ്ങിയ ഈ രണ്ടുഗോൾ കടവുമായാണ് ബാഴ്സലോണ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. ഇതിന് ശേഷം ലാ ലീഗയിൽ സെവിയയെ നേരിട്ടപ്പോൾ ബാഴ്സ ഇതേ സ്കോറിന് ജയിച്ചിരുന്നു. ഒസ്മാൻ ഡെംബലേയുടേയും നായകൻ ലിയോണൽ മെസിയുടേയും ഗോളുകളിലൂടെയായിരുന്നു ബാഴ്സയുടെ പ്രതികാരം. ഈ പ്രകടനം കാംപ് നൗവിൽ ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ കോച്ച് റൊണാൾഡ് കൂമാൻ. 

ഫിലിപെ കുടീഞ്ഞോ, അൻസു ഫാറ്റി, സെർജി റോബർട്ടോ എന്നിവർക്കൊപ്പം പെഡ്രി കൂടി പരിക്കേറ്റവരുടെ പട്ടികയിലേക്ക് ചേർന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്. മാർക്കോസ് അക്യൂനയുടേയും ലൂക്കാസ് ഒകംപോസിന്റെയും അഭാവം സെവിയക്കും തിരിച്ചടിയാവും. മധ്യനിരയിൽ നാലുതാരങ്ങളെ വിന്യസിച്ച് മെസിയെയും ഡെംബലയേയും ഗോൾവേട്ടയ്ക്ക് നിയോഗിക്കുന്ന രീതിയിലാവും ബാഴ്സലോണയുടെ ഫോർമേഷൻ. ബാഴ്സയുടെ മുൻതാരമായിരുന്ന ഇവാൻ റാക്കിട്ടിച്ചും യൂസഫ് എൻ നെസ്രിയുമാവും മെസിക്കും സംഘത്തിനും കൂടുതൽ വെല്ലുവിളി ഉയർത്തുക. 

രണ്ടാം സെമിയിൽ ലെവാന്റെ നാളെ അ‍ത്‍ലറ്റിക് ക്ലബിനെ നേരിടും. ആദ്യപാദത്തിൽ ഇരുടീമും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു.

click me!