ഒളിംപിക് ഫുട്ബോള്‍: പ്രായപരിധി ഉയര്‍ത്തി ഫിഫ

By Web TeamFirst Published Apr 4, 2020, 12:47 PM IST
Highlights

പുതിയ നിര്‍ദേശം അനുസരിച്ച് 1997 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് അടുത്തവര്‍ഷം 24 വയസാവുമെങ്കിലും ഒളിംപിക് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാം


സൂറിച്ച്: അടുത്തവര്‍ഷത്തെ ടോക്കിയോ ഒളിംപിക്സില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള കളിക്കാരുടെ പ്രായപരിധി ഉയര്‍ത്തി ഫിഫ. ഒളിംപിക്സ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമിലെ മൂന്ന് കളിക്കാരൊഴികെയുള്ള കളിക്കാരുടെ പ്രായം 23 വയസില്‍ താഴെയായിരിക്കണമെന്നതാണ് നിബന്ധന. എന്നാല്‍ ഈ വര്‍ഷം നടക്കേണ്ട ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചതോടെ പല ടീമുകളിലെയും കളിക്കാരുടെ പ്രായം 23 കടക്കും. ഇത് ഈ കളിക്കാരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കിയ പശ്ചാത്തലത്തിലാണ് ഫിഫയുടെ നടപടി. 

പുതിയ നിര്‍ദേശം അനുസരിച്ച് 1997 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് അടുത്തവര്‍ഷം 24 വയസാവുമെങ്കിലും ഒളിംപിക് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാം.ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള കളിക്കാരുടെ പ്രായപരിധി ഉയര്‍ത്തണമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും ടോക്കിയോ ഒളിംപിക്സ് അധികൃതരും നേരത്തെ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. 

ഇതോടെ അടുത്ത വര്‍ഷം 24 വയസായാലും താരങ്ങള്‍ക്ക് ഒളിംപിക് ഫുട്ബോളില്‍ കളിക്കാനാവും. ഇതിനുപുറമെ ഇന്ത്യയില്‍ നടക്കേണ്ട 17 വയസില്‍ താഴെയുള്ളവരുടെ വനിതാ ലോകകപ്പും പനാമയിലും കോസ്റ്റോറിക്കയിലുമായി നടക്കേണ്ടിയിരുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പും ഫിഫ മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈയില്‍ ടോക്കിയോയില്‍ ആരംഭിക്കേണ്ടിയിരുന്ന ഒളിംപിക്സ് അടുത്തവര്‍ഷം ജൂലൈയിലേക്ക് മാറ്റിവെച്ചത്. യോഗ്യതാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്തതും യൂറോപ്പും അമേരിക്കും കൊവിഡിന്റെ പിടിയിലമര്‍ന്നതും ഒളിംപിക്സ് നീട്ടിവ ക്കാന്‍ കാരണമായി. പതിനൊന്ന് ലക്ഷത്തിലധികം പേരെ ബാധിച്ച കൊവിഡ് 19 വൈറസ് രോഗം മൂലം ലോകത്താകെ 60000ത്തോളം പേരാണ് ഇതുവരെ മരണമടഞ്ഞത്.

click me!