
ഐസ്‌വാള്‍: കൊവിഡ് 19 ആശങ്ക കണക്കിലെടുത്ത് സന്തോഷ് ട്രോഫ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവച്ചു.ഏപ്രില്‍ 14 മുതല്‍ 27വരെ മിസോറമിലെ ഐസ്‌വാളില്‍ നടക്കേണ്ട മത്സരങ്ങളാണ് മാറ്റിയത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്ഥിഗതികള്‍ കണക്കിലെടുത്ത് പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മത്സരങ്ങള്‍ മാറ്റുന്നതെന്നും അസോസിയേഷന്‍ പറഞ്ഞു.
നേരത്തെ കൊവിഡ് 19 ആശങ്ക കാരണം സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളത്തിന്റെ പരിശീലന ക്യാംപ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ മാറ്റിവച്ചിരുന്നു. അടുത്ത വ്യാഴാഴ്ച തൃശ്ശൂരിലെ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ തുടങ്ങേണ്ട ക്യാംപ് ആണ് മാറ്റിവെച്ചത്. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍, ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത ഉറപ്പാക്കിയത്. ക്യാംപില്‍ പങ്കെടുക്കാനുള്ള 29 അംഗ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 15ന് ഡല്‍ഹിക്കെതിരെ ആയിരുന്നു കേരളത്തിന്റെ ആദ്യമത്സരം. ഡല്‍ഹി, സര്‍വീസസ്, ജാര്‍ഖണ്ഡ്, മേഘാലയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ് കേരളം.
ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന എല്ലാവരും കേരളത്തിന്റെ ഫൈനല്‍ ക്യാംപിലുണ്ട്. ഇവര്‍ക്ക് പുറമെ 10 പുതിയ കളിക്കാരെയും ക്യാപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ടീമില്‍ നിന്നു വിട്ടു പോയ ലിയോണ്‍ അഗസ്റ്റിന്‍, അജിന്‍ ടോം, ജിഷ്ണു ബാലകൃഷ്ണന്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിരുന്നു. ഐഎസ്എല്‍–ഐലീഗ് ടീമുകളില്‍ ഇടംകിട്ടിയതിനെ തുടര്‍ന്നാണ് മൂവരും ടീം വിട്ടത്. ബിനോ ജോര്‍ജ് ആണ് ടീമിന്റെ മുഖ്യപരിശീലകന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!