
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍(EPL) എവര്‍ട്ടനോട് 1-0ന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗ്രൗണ്ട് വിടുന്നതിനിടെ ആരാധകന്‍റെ ഫോണ്‍ ദേഷ്യത്തില്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(Cristiano Ronaldo). മത്സരം കഴിഞ്ഞ് ടണലിലേക്ക് നീങ്ങുന്നതിനിടെയാണ് റൊണാള്‍ഡോ ആരാധകന്‍റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചത്.
തോല്‍വിയുടെ നിരാശയില്‍ ആ സമയത്ത് ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും എങ്കിലും എല്ലാവര്‍ക്കും മാതൃകയാവേണ്ട താന്‍ ഇത്തരത്തില്‍ പൊരുമാറരുതായിരുന്നുവെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. പൊട്ടിത്തെറിക്കേണ്ടി വന്നതില്‍ ആരാധകനോട് മാപ്പു പറയുന്നുവെന്നും സ്പോര്‍ട്സ്മാന്‍ഷിപ്പിന്‍റെയും മാന്യമായ കളിയുടെയും പ്രതീകമായി ആ ആരാധകനെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിന്‍റെ അടുത്ത മത്സരം കാണാന്‍ ക്ഷണിക്കുന്നുവെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
ഫ്രാങ്ക് ലംപാര്‍ഡ് പരിശീലിപ്പിക്കുന്ന എവര്‍ട്ടനോട് തോറ്റ് പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണതോടെ മാഞ്ചസ്റ്ററിന്‍റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകളും അസ്ഥാനത്തായി. നാലാം സ്ഥാനത്തുള്ള ടോട്ടനത്തെക്കാള്‍ ആറ് പോയന്‍റ് പുറകിലാണ് മാഞ്ചസ്റ്റര്‍ ഇപ്പോള്‍. പ്രീമിയര്‍ ലീഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാനാവുക.
എവര്‍ട്ടണോടേറ്റ തോല്‍വി നാണക്കേടാണെന്നും ഈ മത്സരം ജയിക്കേണ്ടതായിരുന്നുവെന്നും യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ മത്സരശേഷം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!