
മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (Cristiano Ronaldo) സൂപ്പര്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ക്രിസ്റ്റ്യാനോയുടെ ജോലിക്കാരനാണ് കാറില്‍ ഉണ്ടായിരുന്നത്. സ്‌പെയ്‌നില്‍ (Spain) വച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ കുഞ്ഞുണ്ടായ ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുടുംബവുമൊത്ത് അവധിയാഘോഷിക്കാന്‍ സ്‌പെയിനിലെത്തിയത്.
ബുഗാട്ടി വെയ്‌റോണ്‍, മെഴ്‌സിഡീസ് ബെന്‍സ് ജി ക്ലാസ് കാറുകളും റൊണാള്‍ഡോ സ്‌പെയിനിലെത്തിച്ചിരുന്നു. റൊണാള്‍ഡോയുടെ ബുഗാട്ടി വെയ്‌റോണ്‍ കാറാണ് കഴിഞ്ഞ ദിവസം മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ജോലിക്കാരന്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 13 കോടിയിലേറെ വിലവരുന്ന കാര്‍ 2018ലാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കാറിന്റെ എഞ്ചിന്‍ അപകടത്തില്‍ തകര്‍ന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അത്യാഢംബര കാറുകളുടെ വന്‍ശേഖരം തന്നെയുണ്ട്. അടുത്ത മാസം 12-ാം തീയതി പ്രീസീസണ്‍ തുടങ്ങുന്നതിനാല്‍ റൊണാള്‍ഡോ ഉടന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചേരും.
ലിയോണല്‍ മെസി സ്‌പെയ്‌നില്‍
അര്‍ജന്റീനയുടെ ഇതിഹാസതാരം ലിയോണല്‍ മെസിയും (Lionel Messi) സ്‌പെയിനില്‍ അവധിയാഘോഷത്തിലാണ്. സുഹൃത്തായ സെസ്‌ക് ഫാബ്രിഗാസിനും കുടുംബത്തോടുമൊപ്പമാണ് മെസിയും ഭാര്യ അന്റോനല്ല റൊക്കൂസോയും അവധിയാഘോഷിച്ചത്. സ്‌പെയിനിലെ ഇബിസയില്‍ ആഢംബര നൗകയിലായിരുന്നു ആഘോഷം. മെസിയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കായി കളിക്കുന്ന മെസി സീസണിന് മുമ്പുള്ള അവധിയിലാണ്. ഓഗസ്റ്റിലാണ് ഫ്രഞ്ച് ലീഗിന് തുടക്കമാവുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!