'റൊണാള്‍ഡോയെ വിലകുറച്ച് കണ്ടിടത്താണ് പിഴച്ചത്'; പോര്‍ച്ചുഗീസ് കോച്ചിനെതിരെ ക്രിസ്റ്റിയാനോയുടെ പങ്കാളി

By Web TeamFirst Published Dec 11, 2022, 2:54 PM IST
Highlights

ഫലം മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ പോര്‍ച്ചുഗല്‍ സെമി കാണാതെ പുറത്ത്. ക്രിസ്റ്റ്യാനോയാവട്ടെ തന്റെ അവസാന ലോകകപ്പാണ് കളിച്ചിരുന്നത്. ഇത്തരത്തില്‍ അവസാനിക്കണമെന്ന് അദ്ദേഹവും കരുതിക്കാണില്ല.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഫസ്റ്റ് ഇലവനിലേക്ക് പരിഗണിച്ചിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ പുറത്തിരിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലും താരം പുറത്തായിരുന്നു. അന്ന് ഹാട്രിക് നേടിയ ഗോണ്‍സാലോ റാമോസാണ് മൊറോക്കോയ്‌ക്കെതിരേയും കളിച്ചത്. 51-ാം മിനിറ്റില്‍ റൂബന്‍ നവാസിന് പകരം ക്രിസ്റ്റ്യാനോ ഇറങ്ങിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

ഫലം മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗല്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ പോര്‍ച്ചുഗല്‍ സെമി കാണാതെ പുറത്ത്. ക്രിസ്റ്റ്യാനോയാവട്ടെ തന്റെ അവസാന ലോകകപ്പാണ് കളിച്ചിരുന്നത്. ഇത്തരത്തില്‍ അവസാനിക്കണമെന്ന് അദ്ദേഹവും കരുതിക്കാണില്ല. ഏതായാലും താരത്തെ ഫസ്റ്റ് ഇലവനിലേക്ക് പരിഗണിക്കാത്ത പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ക്രിസ്റ്റിയാനോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്.

താരത്തെ പുറത്തിരുത്താനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. ജോര്‍ജിനയുടെ വാക്കുകള്‍... ''പോര്‍ച്ചുഗലിന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ റൊണാള്‍ഡോയെ വിലകുറച്ച് കണ്ടതാണ് പരിശീലകന് സംഭവിച്ച പിഴവ്. റൊണാള്‍ഡോയ്ക്ക് അവസരം നല്‍കിയപ്പോഴേക്കും വളരെ വൈകിപ്പോയി. അദ്ദേഹം തീരുമാനം തെറ്റായിരുന്നു.'' ജോര്‍ജിന കുറിച്ചിട്ടു. ഇന്‍സ്റ്റഗ്രാമില്‍ നാല് കോടിയിലധികം ഫോളോവേഴ്‌സ് ജോര്‍ജിനയ്ക്കുണ്ട്. ജോര്‍ജിനയും ലോകകപ്പ് കാണാന്‍ ഖത്തറില്‍ എത്തിയിരുന്നു.

ഇതാദ്യമായിട്ടില്ല ജോര്‍ജിന സാന്റോസിനെതിരെ സംസാരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ പകരക്കാരനായി ഇറങ്ങിയപ്പോഴും ജോര്‍ജിന സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാന്‍ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് ജോര്‍ജിന ഇന്‍സ്റ്റയില്‍ കുറിച്ചത്. ആരാധകര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് മുഴക്കുന്നത് ഒരുസമയവും നിര്‍ത്തിയില്ല. ദൈവവും നിങ്ങളുടെ പ്രിയ സുഹൃത്ത് ഫെര്‍ണാണ്ടോയും കൈകോര്‍ത്ത് ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോര്‍ജിന കുറിച്ചിട്ടിരുന്നു.

ക്വാര്‍ട്ടറിലെ കൂട്ടയിടി: മെസി എന്നോട് കയര്‍ത്തു, സ്‌പാനിഷ് ആയോണ്ട് മനസിലായില്ല; തന്‍റെ ഭാഗം പറഞ്ഞ് വൗട്ട്

click me!