
റിയാദ്: സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ട പോർച്ചുഗീസ് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ തിങ്കളാഴ്ച രാത്രി 11ന് റിയാദിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ സൗദി കായിക മന്ത്രാലയം, അൽ നസ്ർ ക്ലബ് അധികൃതർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വിമാനത്താവളത്തിലോ പരിസരത്തോ പൊതുജന സ്വീകരണത്തിന് അവസരമുണ്ടായിരുന്നില്ല. ഇന്ന് വൈകുന്നേരം റിയാദിലെ മർസൂല്‍ പാർക്കിൽ റൊണാൾഡോക്ക് വൻസ്വീകരണം ഒരുക്കും. അൽ നസ്ർ ക്ലബിന്‍റെ ഭാഗമായി കളിക്കളത്തിൽ ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് കായികക്ഷമതാ പരിശോധന നടത്തും. റൊണാൾഡോക്കൊപ്പം അദ്ദേഹത്തിന്‍റെ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും റിയാദിലെത്തിയിട്ടുണ്ട്. സ്ഥിരതാമസം തയാറാവുന്നത് വരെ റൊണാൾഡോയും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാണ് താമസിക്കുന്നത്.
റിയാദിലെ അൽ നസ്ർ ക്ലബ്ബുമായി രണ്ടര വർഷത്തെ കരാറൊപ്പിട്ട റൊണാൾഡോയെ ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന സ്വീകരണ പരിപാടിയിൽ ആരാധകർക്കു മുന്നിൽ അല്‍ നസ്‌റിന്‍റെ മഞ്ഞ ജഴ്‌സിയിൽ അവതരിപ്പിക്കും. റൊണാൾഡോയുടെ വാര്‍ത്താ സമ്മേളനവും ആരാധകരുടെ മുന്നിൽ ആദ്യ പരിശീലന സെഷനുമുണ്ടാവും.
കോച്ച് റൂഡി ഗാർസിയയുമായും റൊണാൾഡൊ സംസാരിക്കും. റൊണാൾഡൊ വരുന്നതിന് മുമ്പ് തന്നെ അൽ നസ്ർ ആഘോഷം തുടങ്ങിയിരുന്നു. സൗദി പ്രൊ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് അല്‍ നസ്‌ര്‍.
ഏകദേശം 1,950 കോടി രൂപയാണ് റൊളാണ്‍ഡോക്ക് ക്ലബ് നല്‍കുന്ന വാര്‍ഷിക പ്രതിഫലം. ഇതോടെ പിഎസ്‌ജി താരം കിലിയന്‍ എംബാപ്പെയെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!