ലോകകപ്പ് മെഡലുകള്‍ ഇരിക്കുന്ന വീടിന് ഒരു കാവല്‍ വേണം! മുന്തിയ ഇനം നായയെ സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനെസ്

By Web TeamFirst Published Jan 2, 2023, 10:38 PM IST
Highlights

അര്‍ജന്റീനയിലെ ലോകകപ്പ് നേട്ടത്തിന്റെ ആഘോഷമെല്ലാം കഴിഞ്ഞ് കഴിഞ്ഞ ദിവസം മാര്‍ട്ടിനെസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയിരുന്നു. ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ കീപ്പറാണ് എമി.

ലണ്ടന്‍: ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയത് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും ഫൈനലില്‍ ഫ്രാന്‍സിനെതിരേയും മാര്‍ട്ടിനെസിന്റെ കൈകള്‍ അര്‍ജന്റീനയ്ക്ക് രക്ഷയായി. ഈ രണ്ട് മത്സരത്തിലും പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ ജയം. ഓറഞ്ച് പടയ്‌ക്കെതിരെ രണ്ട് പെനാല്‍റ്റി കിക്കുകള്‍ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. ഫ്രാന്‍സിനെതിരെ നിര്‍ണായകമായ ഒരു കിക്കും താരം കയ്യിലൊതുക്കി. ഇതിലൂടെയാണ് അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തുന്നതും മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നതും.

അര്‍ജന്റീനയിലെ ലോകകപ്പ് നേട്ടത്തിന്റെ ആഘോഷമെല്ലാം കഴിഞ്ഞ് കഴിഞ്ഞ ദിവസം മാര്‍ട്ടിനെസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയിരുന്നു. ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ കീപ്പറാണ് എമി. എന്നാല്‍ ടോട്ടനത്തിനെതിരെ കഴിഞ്ഞ മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഇപ്പോള്‍ എമിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ അദ്ദേഹം താമസിക്കുന്ന വീടിന് കാവലായി ഒരു നായയെ വാങ്ങിയിരിക്കുകയാണ് എമി. 

ലോകകപ്പ് മെഡലുകള്‍ ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ച വീടിന് കാവലായിട്ടാണ് ബെല്‍ജിയന്‍ മാലിയോനിസ് ഇനത്തില്‍ പെട്ട നായയെ മേടിച്ചിരിക്കുന്നത്. 30 കിലോയോളം തൂക്കം വരുന്ന നായക്ക് 20,000 പൗണ്ട് വിലയുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച നായയെയാണ് താരം സ്വന്തമാക്കിയത്. 

പൊലീസും മിലറ്ററിയും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഈ ഇനത്തില്‍ പെട്ട നായ്ക്കളെയാണ്. ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ്, മുന്‍ ചെല്‍സി താരം ആഷ്‌ലി കോള്‍ തുടങ്ങിവര്‍ക്കെല്ലാം ഈ നായയുണ്ട്.  

മെസി നാളെ പാരീസില്‍

നാട്ടിലെ പുതുവര്‍ഷ ആഘോഷങ്ങളെല്ലാം കഴിഞ്ഞതോടെ അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി നാളെ പാരീസിലെത്തും. ഇക്കാര്യം പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ലോകകപ്പ് നേടിയ ശേഷം ആദ്യമായി പാരീസിലെത്തുന്ന മെസിക്ക് ഏത് തരത്തിലുള്ള സ്വീകരണമാണ് ലഭിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പിഎസ്ജിയിലെ സഹതാരം എംബാപ്പെയുടെ ഫ്രാന്‍സിനെയാണ് അര്‍ജന്റീന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വീകരണം എങ്ങനെയായിരിക്കുമെന്നുള്ളത് കൗതുകമുണര്‍ത്തുന്നതാണ്.

'റിഷഭ് പന്തിന് സംഭവിച്ചത് നിര്‍ഭാഗ്യകരം, പക്ഷേ...'; താരത്തിന്റെ അഭാവത്തെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ

click me!