നാണക്കേട്, ആസ്റ്റണ്‍ വില്ലയ്ക്ക് മുന്നില്‍ ലിവര്‍പൂള്‍ ചാരം; ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് സമനില

By Web TeamFirst Published Oct 5, 2020, 8:56 AM IST
Highlights

ഒല്ലി വാറ്റ്കിന്‍സിന്റെ ഹാട്രിക്കും ജാക്ക് ഗ്രീലിഷിന്റെ ഇരട്ടഗോളുമാണ് ലിവര്‍പൂളിനെ കുടുക്കിയത്. ജോണ് മക്ഗിന്‍, റോസ് ബാര്‍ക്ലി എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകള്‍.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്ക്ക് മുന്നില്‍ ചാരമായി ലിവര്‍പൂള്‍. രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് യൂര്‍ഗന്‍ ക്ലോപ്പും സംഘവും തകര്‍ന്നടിഞ്ഞത്. ഒല്ലി വാറ്റ്കിന്‍സിന്റെ ഹാട്രിക്കും ജാക്ക് ഗ്രീലിഷിന്റെ ഇരട്ടഗോളുമാണ് ലിവര്‍പൂളിനെ കുടുക്കിയത്. ജോണ് മക്ഗിന്‍, റോസ് ബാര്‍ക്ലി എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകള്‍. മുഹമ്മദ് സലായാണ് ലിവര്‍പൂളിന്റെ രണ്ട് ഗോളുകളും മടക്കിയത്. ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഇതുവരെ ഒരു മത്സരവും പരാജയപ്പെട്ടിട്ടില്ല.

1953ന് ശേഷം ആദ്യമായിട്ടാണ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ഒരു ടീം ഏഴ് ഗോളുകള്‍ വഴങ്ങുന്നത്. തോളിന് പരിക്കേറ്റ സ്ഥിരം ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കറില്ലാതെയാണ്  ലിവര്‍പൂള്‍ ഇറങ്ങിയത്. പകരമിറങ്ങിയ അഡ്രിയാന്റെ പിഴവിലാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമായത്. നാലാം മിനിറ്റില്‍ തന്നെ വാറ്റ്കിന്‍സിനലൂടെ ആദ്യഗോള്‍ പിറന്നു. 22ാം മിനിറ്റില്‍ ലീഡ് രണ്ടായി. ഇതിനിടെ 33ാം മിനിറ്റില്‍ സലാ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 35, 39 മിനിറ്റുകളില്‍ നേടിയ ഗോളുകളോടെ വില്ല ആദ്യ പകുതിയില്‍ 4-1ന് മുന്നിലെത്തി.

രണ്ടാം പകുതിയിലും അവര്‍ നിര്‍ത്തിയില്ല. 55ാം മിനിറ്റില്‍ വീണ്ടും ഗോള്‍. ഇതിനിടെ 60ാം മിനിര്‍ സലായുടെ രണ്ടാം ഗോളും വന്നു. എന്നാല്‍ 66, 75 മിനിറ്റുകളില്‍ ഗ്രീലിഷ് നേടിയ ഗോള്‍ വില്ലക്ക് കൂറ്റന്‍ ജയം സമ്മാനിച്ചു. മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം ഒന്നിനെതിരെ ആറ് ഗോളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്തിരുന്നു. ലെസ്റ്ററാവട്ടെ എതിരില്ലാത്ത മുന്ന് ഗോളിന് വെസ്റ്റ് ഹാമിന് മുന്നില്‍ കീഴടങ്ങി. 

ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് സമനില

ലാ ലിഗയില്‍ ബാഴ്‌സലോണ സമനിലകൊണ്ട് രക്ഷപ്പെട്ടു. സെവിയ്യയുമായുള്ള മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ലൂക് ഡി യോങ്ങിന്റെ ഗോളില്‍ സെവിയ്യ മുന്നിലെത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഫിലിപെ കുടിഞ്ഞോ നേടിയ ഗോള്‍ ബാഴ്‌സയ്ക്ക് സമനില ഒരുക്കുകയായിരുന്നു.

click me!