പ്രതിരോധം കടുപ്പിച്ച് ബ്ലാസ്റ്റേഴ്സ്; മണിപ്പൂരി താരം ദെനേചന്ദ്ര മെയ്തേ ടീമില്‍

By Web TeamFirst Published Aug 5, 2020, 6:52 PM IST
Highlights

ഡിഫെൻസിവ്  മിഡ്ഫീൽഡ് സ്ഥാനത്തും പരിഗണിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന പ്രതിരോധ താരമായ മേയ്തേ, 2013ൽ പൂനെ എഫ്.സിയിലൂടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ചർച്ചിൽ ബ്രദേഴ്‌സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ കൂടുതൽ ശക്തിപ്പെടുത്തികൊണ്ട് 26കാരനായ മണിപ്പൂരി പ്രതിരോധ താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്തേ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലൊപ്പുവെച്ചു. തന്റെ പ്രാദേശിക ക്ലബ്ബിനായി പത്താം വയസ്സിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ച മേയ്തേ അവിടെനിന്നും ജില്ലാ ടീമിലേക്ക് മുന്നേറി, തുടർന്ന് മണിപ്പൂർ ഫുട്ബോൾ ടീമിന്റെ ഭാഗമായി യുവ, ദേശീയ മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ലെഫ്റ്റ് ബാക്ക് കളിക്കാരനായ മേയ്തേ മോഹൻ ബഗാൻ എ.സി അക്കാദമിയിലെത്തി ഒരു വർഷത്തിന് ശേഷം പൂനെ എഫ്.സിയിൽ ചേരുന്നതിന് മുമ്പ്  ഒഡീഷയിലെ സാംബാൽപൂർ അക്കാദമിയിൽ ചേർന്നു. അവിടെ രണ്ട് തവണ അണ്ടർ 19 ഐ-ലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു മേയ്തേ.

ഡിഫെൻസിവ്  മിഡ്ഫീൽഡ് സ്ഥാനത്തും പരിഗണിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന പ്രതിരോധ താരമായ മേയ്തേ, 2013ൽ പൂനെ എഫ്.സിയിലൂടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ചർച്ചിൽ ബ്രദേഴ്‌സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു.  കഴിഞ്ഞ  രണ്ട് സീസണുകളിൽ യഥാക്രമം നെറോക എഫ്സി, ട്രാഉ എഫ്‌സി എന്നീ ക്ലബ്ബുകളിലൂടെ ഐ-ലീഗിന്റെ ഭാഗമായിരുന്നു അദ്ദേഹം. അണ്ടർ 13 ദേശീയ ടീമിനെയും മേയ്‌തേ പ്രതിനിധീകരിച്ചിരുന്നു.

Welcome to Kaloor, Denechandra Meitei! 😍

The Manipuri defender joins us to bolster our backline for the upcoming ISL Season! 🙌

Send in your messages for our new Blaster! 😄 pic.twitter.com/F3Inhsaw0u

— K e r a l a B l a s t e r s F C (@KeralaBlasters)

ഐ‌എസ്‌എൽ പോലുള്ള അഭിമാനകരമായ ലീഗിന്റെ ഭാഗമാകുക എന്നത് എനിക്ക് എല്ലായ്‌പ്പോഴും സ്വപ്നമാണെന്ന് മേയ്‌തേ പറഞ്ഞു. എന്റെ ഏറ്റവും മികച്ച കഴിവുകൾ പുറത്തെടുത്തുകൊണ്ട്  ടീമിന്റെ വിജയത്തിന് സംഭാവന നൽകുവാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . ക്ലബ്ബിന് രാജ്യമെമ്പാടും പ്രസിദ്ധമായ മികച്ച ആരാധകവൃന്ദമുണ്ട്,  അവർക്ക് വേണ്ടി കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്- ദെനേചന്ദ്ര മേയ്തേ  പറഞ്ഞു.

"ദെനേചന്ദ്ര മേയ്തേയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.  തന്റെ പൊസിഷനിൽ വളരെ മികച്ചതും കഴിവുള്ളതുമായ കളിക്കാരനായ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത് അഭിമാനത്തിന്റെ നിമിഷമാണ്, ഒപ്പം ഒരു വലിയ ഉത്തരവാദിത്തവും.  ടീമിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹം എല്ലാ ശ്രമങ്ങളും, കഠിനാധ്വാനവും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  ഈ സീസണിൽ വെല്ലുവിളികൾ നേരിടാനും, പ്രചോദിതനാകാനും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും കരോലിസ് സ്കിൻകിസ് പറയുന്നു.

click me!