
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിനുള്ള ചെല്‍സി സ്‌ക്വാഡില്‍ നിന്ന് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഔബമയാങ പുറത്ത്. ജനുവരി ട്രാന്‍സഫര്‍ ജാലകത്തില്‍ എത്തിയ താരങ്ങളെ ഉള്‍പ്പടുത്താനായാണ് ഔബമയാങ്ങിനെ ഒഴിവാക്കിയത്. എന്‍സോ ഫെര്‍ണാണ്ടസ്, ജാവോ ഫെലിക്‌സ്, മുഡ്രിക് എന്നിവരെ ക്ലബ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഔബമയാങിന്റെ തെറ്റല്ലെന്നും പുതിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും പരിശീലകന്‍ ഗ്രഹാം പോട്ടര്‍ പ്രതികരിച്ചു.
ഈ സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സലോണയില്‍ നിന്ന് ചെല്‍സിയിലെത്തിയ ഔബമയോങ് ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ രണ്ട് ഗോള്‍ നേടിയിരുന്നു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. 1077 കോടി മുടക്കി എത്തിച്ച എന്‍സോ ഫെര്‍ണാണ്ടസും മുഡ്രിച്ചിനെയുമൊക്കെ ഇറങ്ങിയിട്ടും ഫുള്‍ഹാമിനെതിരെ ഒരു ഗോള്‍ പോലും നേടാന്‍ ചെല്‍സിക്ക് സാധിച്ചില്ല. അതും സ്വന്തം ഗ്രൗണ്ടില്‍. മുപ്പത് പോയിന്റുമായി ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെല്‍സി.
അതേസമയം, ഒന്നാം സ്ഥാനക്കാരായ ആഴ്‌സനല്‍ ലീഗിലെ രണ്ടാം തോല്‍വി നേരിട്ടു. ഇന്ന് എവട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനലിനെ തോല്‍പ്പിച്ചത്. ജെയിംസ് തര്‍കോവ്‌സ്‌കി നേടിയ ഏക ഗോളിനായിരുന്നു ആഴ്‌സനലിന്റെ തോല്‍വി. ലീഗില്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെയും സംഘത്തിന്റേയും രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ജയത്തോടെ എവര്‍ട്ടണ്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് പുറത്തുചാടി. ഇപ്പോള്‍ 17-ാം സ്ഥാനത്താണ് എവര്‍ട്ടണ്‍. 21 മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്.
ഗണ്ണേഴ്‌സിന്റെ തോല്‍വിയോടെ ചിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റിയുമായുള്ള ആഴ്‌സനലിന്റെ ദൂരം അഞ്ചായി കുറഞ്ഞു. 20 മത്സരങ്ങളില്‍ 50 പോയിന്റാണ് ആഴ്‌സലിന്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 45 പോയിന്റുണ്ട്. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 60-ാം മിനിറ്റിലായിരുന്നു എവര്‍ട്ടണ്‍ ലീഡെടുത്തത്. ഡ്വിറ്റ് മക്‌നീലിന്റെ കോര്‍ണറില്‍ തലവച്ച് തര്‍കോവ്‌സ്‌കി ലീഡ് സമ്മാനിച്ചു.
ആഴ്‌സനലിനെ എവര്‍ട്ടണ്‍ അട്ടിമറിച്ചു! ആശ്വാസം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!