
വാൻകൂവർ: ഗ്രൂപ് ജിയിൽ ന്യൂസിലൻഡിനെ തോല്പിച്ച് ഈജിപ്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ബെൽജിയം ഇന്നലെ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ് ഇപ്പോൾ ഈജിപ്ത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം കൂടിയായിരുന്നു ഇന്ന് സലയും സംഘവും നേടിയത്.
കളിതുടങ്ങി പതിനഞ്ചാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലാൻഡ് ആയിരുന്നു ലീഡ് നേടിയത്. ആദ്യ പകുതിവരെ തങ്ങളുടെ ലീഡ് നിലനിർത്താൻ സാധിച്ച ന്യൂസിലാൻഡ് അമ്പത്തിയെട്ടാം മിനിറ്റിലാണ് ഗോൾ വഴങ്ങുന്നത്. അമ്പത്തിയെട്ടാം മിനിറ്റിൽ മുസ്തഫ സീക്കോ ഈജിപ്‌തിനായി സമനില ഗോൾ നേടി.
അറുപത്തിയേഴാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സലയിലൂടെ ഈജിപ്ത് കളി തിരിച്ചുപിടിച്ചു. വലതുവിങ്ങിൽ നിന്നും പന്തുമായി മുന്നേറിയ സല തന്റെ സ്വതസിദ്ധമായ ഇടതുകാലുകൊണ്ടുള്ള ഷോട്ടിലൂടെ ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തിനെ എത്തിച്ചു. ട്രേസിഗുവറ്റ് ആണ് ഈജിപ്തിന് വേണ്ടി മൂന്നാം ഗോൾ നേടിയത്.
ജയത്തോടെ ഗ്രൂപ് ജിയിൽ നിന്നും ഗ്രൂപ് ചാമ്പ്യന്മാരായി നോക്ക്ഔട്ട് ഘട്ടത്ത്തിലെത്താനുള്ള സാധ്യതകൾ നിലനിർത്തി. നാല് പോയന്റുകളോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഈജിപ്ത്. ബെൽജിയത്തിനെ സമനിലയിൽ തളച്ചതോടെ ഇറാൻ നിലവിൽ ഗ്രൂപ്പിൽ രണ്ടാമതാണ്. രണ്ട് പോയന്റുകളാണ് ഇറാനും ബെൽജിയത്തിനുമുള്ളത്. ജൂൺ 27 ന് നടക്കുന്ന ഇറാൻ- ഈജിപ്ത് മത്സരവും ബെൽജിയം- ന്യൂസിലാൻഡ് മത്സരവും ഗ്രൂപ് ജിയിൽ നിർണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!