ഫുട്ബോള്‍ ലോകം ഇന്ന് ബര്‍ണബ്യൂവിലേക്ക്; എല്‍ ക്ലാസിക്കോയ്‌ക്ക് കളമൊരുങ്ങി

By Web TeamFirst Published Mar 1, 2020, 10:53 AM IST
Highlights

കരുത്തന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരും. റയൽ മൈതാനമായ സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം.

സാന്‍റിയാഗോ ബര്‍ണബ്യൂ: സ്‌പാനിഷ് ഫുട്ബോള്‍ ലീഗില്‍ ഇന്ന് ആരാധകര്‍ കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടം. കരുത്തന്മാരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരും. റയൽ മൈതാനമായ സാന്‍റിയാഗോ ബര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം. സീസണിലെ 26-ാം റൗണ്ട് മത്സരത്തിനാണ് ടീമുകള്‍ ഇറങ്ങുന്നത്. 

സീസണിൽ ഒന്നാമതുള്ള ബാഴ്‌സയ്‌ക്ക് നിലവില്‍ റയലിനേക്കാള്‍ രണ്ട് പോയിന്‍റിന്‍റെ ലീഡുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ജയിക്കാനാകാതെ പോയ റയൽ സമ്മര്‍ദത്തിലെന്നാണ് വിലയിരുത്തൽ. പരിക്ക് ഭേദമായ ആല്‍ബയെ ബാഴ്‌സ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 8.30ന് അത്‌ലറ്റിക്കോ മാഡ്രിഡ് എവേ മത്സരത്തില്‍ എസ്‌പാനിയോളിനെ നേരിടും. 

മത്സരത്തിന് മുന്‍പേ സിദാന്‍-സെറ്റിയന്‍ പോരാട്ടം 

എന്നാല്‍, സ്‌പാനിഷ് ലീഗ് ചാമ്പ്യന്മാരെ തീരുമാനിക്കുക എൽ ക്ലാസിക്കോയിലെ ഫലമാകില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞു. റയൽ മാഡ്രിഡ് വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആരാധകര്‍ ക്ലബിനെ സ്വന്തം ഗ്രൗണ്ടിൽ പിന്തുണയ്‌ക്കാന്‍ എത്തണമെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലാ ലിഗയിൽ സെല്‍റ്റാ വിഗോ, കോപ്പാ ഡെൽറേയിൽ റയൽ സോസിഡാഡ് ടീമുകള്‍ക്കെതിരായ അവസാന മത്സരങ്ങളില്‍ ഒന്നിലും ജയിക്കാതെ പോയതോടെ സിദാനും റയലും സമ്മര്‍ദത്തിലാണ്.  

എൽ ക്ലാസിക്കോയ്‌ക്ക് മുന്‍പ് റയൽ മാഡ്രിഡിനെ സമ്മര്‍ദത്തിലാക്കാന്‍ ബാഴ്‌സലോണ പരിശീലകന്‍റെ ശ്രമം. എല്‍ ക്ലാസിക്കോയിൽ മികച്ച പ്രകടനം ബാഴ്‌സലോണയേക്കാള്‍ റയൽ മാഡ്രിനാണ് അനിവാര്യമെന്ന് ബാഴ്‌സ പരിശീലകന്‍ സെറ്റിയന്‍ പറഞ്ഞു. സമ്മര്‍ദ്ദം റയലിനാകും എന്നും അദേഹം വ്യക്തമാക്കി. 

click me!