എല്‍ ക്ലാസികോ: കെട്ടുപൊട്ടാതെ റയലും ബാഴ്സയും

By Web TeamFirst Published Dec 19, 2019, 6:33 AM IST
Highlights

അര്‍ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ ബാഴ്സയും പരാജയപ്പെട്ടു. മെസിയും സുവാരസും ഗ്രീസ്മാനും നിറംമങ്ങിയതോടെ ബാഴ്സ സ്കോര്‍ കണ്ടെത്തുന്നതില്‍ വിജയിച്ചില്ല. മൊത്തം ഏഴ് മഞ്ഞകാര്‍ഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. 

കാമ്പ്നൗ: സീസണില്‍ ലാലിഗയിലെ ആദ്യ എല്‍ ക്ലാസിക്കോക്ക് റയലും ബാഴ്സയും കച്ചകെട്ടി ഇറങ്ങിയപ്പോള്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ ഇരു ടീമുകളും. ബാഴ്സലോണയുടെ തട്ടകമായ കാമ്പ് നൗവില്‍ വീറും വാശിയും നിറ‌ഞ്ഞെങ്കിലും ഗോള്‍മാത്രം അകന്നു. ഗോള്‍ രഹിതമായ സമനിലയുമായി കളി അവസാനിച്ചപ്പോള്‍ ഗോള്‍ ശരാശരിയുടെ കണക്കില്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ബാഴ്സ നിലനിര്‍ത്തി. 2002ന് ശേഷം ഒരു എല്‍ ക്ലാസികോ മത്സരം ആദ്യമായാണ് സമനിലയില്‍ പിരിയുന്നത്.

പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ ശക്തമായ ടീമിനെത്തന്നെയാണ് പരിശീലകര്‍ ഇറക്കിയത്. ബാഴ്സയില്‍ മെസിയും സുവാരസും ഗ്രീസ്മാനും റാകിടിച്ചുമെല്ലാം ആദ്യ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ബെന്‍സേമ, ബെയ്ല്‍, ഇസ്കോ, ക്രൂസ്, റാമോസ് തുടങ്ങിവര്‍ റയലിന്‍റെ ആദ്യ ഇലവനിലും ഇറങ്ങി. 

പന്ത് കൈവശം വെക്കുന്നതില്‍ ബാഴ്സലോണ മുന്നില്‍നിന്നെങ്കിലും ആക്രമണത്തില്‍ റയലായിരുന്നു മികച്ചുനിന്നത്. ബാഴ്സയുടെ ഗോള്‍ പോസ്റ്റിലേക്ക് റയല്‍ നാല് തവണ നിറയൊഴിച്ചു. പലപ്പോഴും നിര്‍ഭാഗ്യമാണ് റയലിന് തിരിച്ചടിയായത്. രണ്ടാം പകുതിയില്‍ 72ാം മിനിറ്റില്‍ ബെയ്ല്‍ ബാഴ്സ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ബെയ്ല്‍ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു. 

ഒന്നാം പകുതിയില്‍ കാസിമെറോയുടെ ഗോളെന്നുറച്ച ഹെഡര്‍ ജെറാര്‍ഡ് പിക്വെ ഗോള്‍ലൈനില്‍ നിന്ന് കുത്തിയകറ്റിയില്ലായിരുന്നെങ്കില്‍ മത്സരം റയലിന് അനുകൂലമാകുമായിരുന്നു. റയലിന്‍റെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബാഴ്സ പലപ്പോഴും പണിപ്പെട്ടു. 

അതേസമയം, അര്‍ധാവസരങ്ങള്‍ മുതലാക്കുന്നതില്‍ ബാഴ്സയും പരാജയപ്പെട്ടു. മെസിയും സുവാരസും ഗ്രീസ്മാനും നിറംമങ്ങിയതോടെ ബാഴ്സ സ്കോര്‍ കണ്ടെത്തുന്നതില്‍ വിജയിച്ചില്ല. മൊത്തം ഏഴ് മഞ്ഞകാര്‍ഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. 

click me!