
ബെർലിൻ: യൂറോയില്‍ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് ആവേശം നീണ്ട മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി ഇംഗ്ലണ്ട് സെമി ഫൈനലിൽ. ഓരോ ഗോളടിച്ച് ഇരുടീമും നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്വിറ്റ്സർലൻഡ് താരം മാനുവൽ അകാൻജിയുടെ കിക്ക് തടഞ്ഞ ഗോളി ജോർദാൻ പിറ്റ്ഫോർഡാണ് വിജയശിൽപി. സ്വിസ് നിരയുടെ ആദ്യ കിക്ക് തന്നെ പിറ്റ്ഫോർഡ് തടഞ്ഞിട്ട് മാനസികാധിപത്യം നേടി. ഇംഗ്ലണ്ട് നിരയിൽ കിക്കെടുത്ത അഞ്ച് പേരും ലക്ഷ്യം കണ്ടു. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിടറുന്നവരെന്ന ചീത്തപ്പേര് മാറ്റാനും ഇംഗ്ലണ്ടിനായി. ഇംഗ്ലണ്ടിനായി കോൾ പാമർ, ജൂഡ് ബെല്ലിങ്ങാം, ബുകായോ സാക്ക, ഇവാൻ ടോനി, ട്രെന്റ് അലക്സാണ്ടർ എന്നിവർ ലക്ഷ്യം കണ്ടു. ഫാബിയൻ ഷാർ, ഷെര്‍ദാൻ ഷാക്കിരി, സെക്കി അംദോനി എന്നിവരാണ് സ്വിറ്റ്‍സർലണ്ടിനായി ഷൂട്ടൗട്ടിൽ വലകുലുക്കിയത്.
കടലാസിൽ ഇംഗ്ലണ്ടിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും തുല്യ ശക്തികളുടെ പോരാട്ടമാണ് മൈതാനത്ത് കണ്ടത്. മൂർച്ചയുള്ള ആക്രമണങ്ങളിലൂടെ സ്വിസ് നിര ഇംഗ്ലണ്ട് ഗോൾമുഖത്ത് ഭീതി വിതച്ചു. എംബോലയും വിഡ്മറുമെല്ലാം ഏതുനിമിഷവും ഗോളടിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. മറുപുറത്ത് ഇംഗ്ലണ്ടും ആക്രമണങ്ങൾ നെയ്തു. ബെല്ലിങ്ഹാമും സാക്കയും ഫോഡനും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. 75ാം മിനിറ്റിൽ സ്വിസ് ആക്രമണങ്ങൾക്ക് ഫലം കണ്ടു. താഴ്ന്ന് വന്ന ക്രോസിൽ ഇംഗ്ലണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് ഫെതർ ടച്ചിൽ ബ്രീൽ എംബോലോ ഗോൾ നേടി. വെറും അഞ്ച് മിനിറ്റ് മാത്രമാണ് സ്വിസ് ആഘോഷത്തിന്റെ ആയുസ് നീണ്ടത്.
80 ാമിനിറ്റിൽ വലതുപാർശ്വത്തിൽ നിന്ന് വൺമാൻ ഷോയിലൂടെ ബുക്കായോ സാക്ക തൊടുത്ത പൊള്ളുന്ന ഷോട്ട് സ്വിസ് വലയിൽ കയറി. പിന്നീട് ഇരുടീമുകളും നന്നായി ശ്രമിച്ചെങ്കിലും ഗോൾ അകന്നു. എക്സ്ട്രാ സമയത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് ഗോൾമുഖത്ത് സ്വിസ് താരങ്ങൾ വിറപ്പിച്ചെങ്കിലും ഗോളായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!